കുന്നംകുളം ആര്‍ത്താറ്റ് കൊലയ്ക്കു ശേഷം രക്ഷപ്പെട്ട കൊലയാളിയെ കയ്യോടെ പിടികൂടിയത് ആനായിക്കല്‍ റെഡ് ആന്‍റ് റെഡ്സ് ക്ലബിന്‍റെ പ്രവര്‍ത്തകരാണ്. കൊല നടന്ന് ഇരുപതുമിനിറ്റിനുള്ളില്‍ ക്ലബ് അംഗങ്ങള്‍ പിടികൂടിയത് വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന ആ മെസേജ് പിന്‍തുടര്‍ന്നായിരുന്നു.
ഈ ഓഡിയോ കേട്ടായിരുന്നു റെഡ് ആന്‍റ് റെഡ്സ് ക്ലബ്ബിന്‍റെ പ്രവര്‍ത്തകര്‍ സമയോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. സി.പി.എമ്മിന്‍റെ ലോക്കല്‍ സെക്രട്ടറി ബവീഷായിരുന്നു ഈ ഓഡിയോ സന്ദേശം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ആര്‍ത്താറ്റ് കൊല നടത്തിയ കൊലയാളി ആനായിക്കല്‍ ഭാഗത്തേയ്ക്കു നീങ്ങിയെന്നായിരുന്നു സന്ദേശം. ചീരംകുളങ്ങര ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ക്ലബ് അംഗങ്ങള്‍ പുറത്തിറങ്ങി പരിശോധിച്ചു. ഈ സമയത്തായിരുന്നു കൊലയാളിയായ കണ്ണന്‍റെ വരവ്. ദേഹമാസകലം നനഞ്ഞൊട്ടിയ നിലയില്‍ മാസ്ക്ക് ധരിച്ച് കറുത്ത ടീ ഷര്‍ട്ട് ധരിച്ച ആ കൊലയാളിയെ കണ്ടെ ഉടനെ കീഴ്പ്പെടുത്തി.
ഉടനെ പൊലീസിനെ വിളിച്ച് കൊലയാളിയെ കൈമാറി. കൊല്ലപ്പെട്ട സിന്ധുവിന്‍റെ ആഭരണങ്ങള്‍ കൊലയാളി കണ്ണന്‍റെ കൈവശമുണ്ടായിരുന്നു. ഇതും പൊലീസിന് കൈമാറി. കൊലയാളിയെ പിടിക്കാന്‍ സഹായിച്ചത് അയല്‍വാസി ശകുന്തള കൈമാറിയ വിവരമായിരുന്നു. കറുത്ത ടീഷര്‍ട്ടും മാസ്ക്കും. സിന്ധുവിനൊപ്പം ഭര്‍ത്താവ് മണികണ്ഠനും ഉണ്ടായിരുന്നെങ്കില്‍ കൊല്ലാനായിരുന്നു പദ്ധതി. തലേന്നു തൃശൂരില്‍ നിന്ന് വാങ്ങിയ വെട്ടുക്കത്തിയായാണ് ബസില്‍ കുന്നംകുളത്തിറങ്ങിയത്. കൈവശം മുളകുപൊടിയും കരുതിയിരുന്നു. സിന്ധു ആളെ തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് വെട്ടിയതും ആഭരണം തട്ടിയെടുത്തതും.