തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ 80 വയസുകാരിയായ യാചകയെ റിസര്‍വ് വനത്തിലെത്തിച്ച് ബലാല്‍സംഗം ചെയ്ത് യുവാവ്. ചൊവ്വാഴ്ച രാത്രി ഹൊസൂരിനടുത്താണ് ക്രൂര ബലാത്സംഗം നടന്നത്. സംഭവത്തില്‍ ഇരുപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതനായ യുവാവിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... ഭിക്ഷ തേടി രാത്രികാലങ്ങളില്‍ ഹൊസൂർ ബസ് സ്റ്റാൻഡിൽ തങ്ങാറുള്ള വയോധികയാണ് ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഹൊസൂര്‍ ബസ് സ്റ്റാന്‍ഡിനടുത്ത് നില്‍ക്കുമ്പോളാണ് സ്ത്രീയുടെ സമീപം ബൈക്കില്‍ ഇരുപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന യുവാവ് എത്തുന്നത്. യുവാവ് ആദ്യം എവിടേക്ക് പോകാന്‍ നില്‍ക്കുകയാണെന്ന് ഇവരോട് ചോദിച്ചു. കേളമംഗലത്തേക്കാണെന്ന് പറഞ്ഞപ്പോള്‍ താന്‍ ബൈക്കില്‍ കൊണ്ടുചെന്നാക്കാം എന്ന് പറയുകയായിരുന്നു. എന്നാല്‍ ബൈക്കില്‍ കയറിയ വയോധികയെ കേളമംഗലത്ത് എത്തിക്കുന്നതിന് പകരം പെരണ്ടപ്പള്ളി റിസർവ് വനത്തിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയെ വനത്തിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് വയോധികയെ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുന്നത്. സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചതായി കൃഷ്ണഗിരി ജില്ലാ പൊലീസ് സൂപ്രണ്ട് പി തങ്കദുരൈ പറഞ്ഞു. ആളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.