അമ്മയെയും നാല് സഹോദരിമാരെയും അതിക്രൂരമായി കൊല ചെയ്ത് ഇരുപത്തിനാലുകാരന്‍. സഹോദരിമാരെ കടത്തിക്കൊണ്ടുപോകാനും അവരെ വില്‍ക്കാനും ചിലര്‍ ശ്രമം നടത്തുന്നുണ്ട്, മാനം കാക്കാനാണ് കൊല ചെയ്തത് എന്നാണ് കൃത്യത്തിനു ശേഷം പ്രതി റെക്കോര്‍ഡ് ചെയ്ത വിഡിയോയില്‍ പറഞ്ഞിരിക്കുന്നത്. അച്ഛനും കൊലയില്‍ പങ്കാളിയാണെന്നും പ്രതി വിഡിയോയില്‍ പറയുന്നു. കൊലയ്ക്കു ശേഷം അമ്മാവനെ വിളിച്ച് അമ്മയെയും സഹോദരിമാരെയും താന്‍ കൊന്നുവെന്ന് പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ലക്നൗവിലുള്ള ഒരു ഹോട്ടലില്‍ വച്ചാണ് കൊല നടന്നത്. ബുദൗണ്‍ സ്വദേശിയായ അര്‍ഷാദും പിതാവും ചേര്‍ന്നാണ് കൊല നടപ്പാക്കിയത് എന്നാണ് വിവരം. അസ്മ (45), ആലിയ (9), ആക്ഷ (16), റഹ്മീന്‍ (18), ആല്‍സിയ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പ്രതി ഒരു വിഡിയോ ചിത്രീകരിച്ചു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ; ‘അയല്‍വാസികളും ഭൂമാഫിയയും ചേര്‍ന്ന് ഞങ്ങളുടെ വീടും സ്ഥലവും തട്ടിയെടുത്തു. സഹോദരിമാരെ കടത്തിക്കൊണ്ടുപോകാന്‍ അവര്‍ പദ്ധയിട്ടു. ഇനിയും ഇങ്ങനെ മുന്നോട്ടുപോകാന്‍ വയ്യ. അവരെല്ലാവരും കൂടി ഇവരെ വില്‍ക്കും. അതിനു മുന്‍പ് അമ്മയെയും സഹോദരിമാരെയും ഞാന്‍ കൊലപ്പെടുത്തി. മൂന്നുപേര്‍ മരിച്ചു. നാലാമത്തെയാള്‍ പിടഞ്ഞുതീരുന്നതേയുള്ളൂ.
എന്‍റെ കുടുംബത്തിന്‍റെ ഈ അവസ്ഥയ്ക്ക് കാരണം അയല്‍വാസികളാണ്. അവരാണ് എല്ലാത്തിനും കാരണമെന്ന് ഈ വിഡിയോ കാണുമ്പോള്‍ പൊലീസ് മനസ്സിലാക്കണം. ഞങ്ങള്‍ പരമാവധി ചെറുത്തുനിന്നു, പക്ഷേ ഫലമുണ്ടായില്ല. 15 ദിവസങ്ങളായി കൊടുംതണുപ്പില്‍ തെരുവോരത്താണ് ഞങ്ങള്‍ കിടക്കുന്നത്. അവര്‍ ഞങ്ങളുടെ വീടും തട്ടിയെടുത്തു. എല്ലാത്തിന്‍റെയും രേഖകള്‍ എന്‍റെ കയ്യിലുണ്ട്. റാണു, അഫതാബ്, അലീം ഖാന്‍, സലീം, ആരിഫ്, അഹ്മദ്, അസര്‍, ഇവരെല്ലാം ഭൂമാഫിയയാണ്. സ്ത്രീകളെ വില്‍ക്കുന്നവരാണ്.
അവര്‍ എന്നെയും അച്ഛനെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. ഞങ്ങളെ കുടുക്കിയതിനു ശേഷം സഹോദരിമാരെ വില്‍ക്കാമെന്ന ധാരണയിലായിരുന്നു ഇതെല്ലാം. എന്നാല്‍ അതിന് അവസരം കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. അതുകൊണ്ട് അമ്മയെയും സഹോദരിമാരെയും ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൈ ഞരമ്പ് മുറിച്ചും കൊന്നു. ഞാനും ജീവനൊടുക്കാന്‍ പോകുകയാണ്. നാളെ നേരം പുലരുമ്പോള്‍ ഞാന്‍ ജീവനോടെ കാണില്ല. ഞങ്ങള്‍ ബുദൗണ്‍ സ്വദേശികളാണ്. 1947 മുതലുള്ള രേഖകളും ഇത് തെളിയിക്കാനായി കൈവശമുണ്ട്. പക്ഷേ ഞങ്ങള്‍ ബംഗ്ലാദേശികളാണെന്ന് നുണ പറഞ്ഞുപരത്തുകയാണ് ചിലര്‍.
സഹായംതേടി ഒരുപാട് അലഞ്ഞു. മതപരിവര്‍ത്തനത്തിനു പോലും തയ്യാറായി. എന്നാല്‍ ആരും കൂടെ നിന്നില്ല. ഞങ്ങളുടെ പകുതിയോളം ഭൂമി ഭൂമാഫിയ തട്ടിയെടുത്തു. ബാക്കി ഞങ്ങളുടെ മരണശേഷം ഏതെങ്കിലും അനാഥാലയത്തിന് കൊടുക്കണം. അത് കണ്ടെങ്കിലും ഞങ്ങളുടെ ആത്മാക്കള്‍ സന്തോഷിക്കട്ടെ. രാജ്യത്ത് ഇനിയൊരാള്‍ക്കും ഇങ്ങനെ സംഭവിക്കരുത്. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കൈയ്യെടുത്ത് തൊഴുത് അപേക്ഷിക്കുകയാണ്. ഞങ്ങളെ ഈ അവസ്ഥയിലെത്തിച്ചവര്‍ക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണം. ഞങ്ങള്‍ക്കു മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു. എന്‍റെ സഹോദരിമാരെ ഹൈദരാബാദില്‍ എവിടെയെങ്കിലും കൊണ്ടുപോയി വില്‍ക്കുന്നത് നോക്കി നില്‍ക്കണോ? അവരുടെ മാനം രക്ഷിക്കാന്‍ ഇതായിരുന്നു അവസാന വഴി. ഞാനും അച്ഛനും ചേര്‍ന്നാണ് കൃത്യം നടപ്പാക്കിയത്’.
മൃതദേഹങ്ങള്‍ കാണിച്ചുകൊണ്ടായിരുന്നു പ്രതി ഇക്കാര്യങ്ങളത്രയും റെക്കോര്‍ഡ് ചെയ്തത്. കൊലപാതകത്തിനു ശേഷം അര്‍ഷാദ് പിതാവിനെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കി. പിന്നീട് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വിഡിയോ പരിശോധിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്ന് ഡിസിപി രവീണ ത്യാഗി വ്യക്തമാക്കി. സിസിടിവി കേന്ദ്രീകരിച്ച് അര്‍ഷാദിന്‍റെ പിതാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കൊലയ്ക്കുപയോഗിച്ച കത്തിയും വസ്ത്രങ്ങളും പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. കൊല്ലപ്പെട്ടവര്‍ക്ക് പ്രതി മദ്യം നല്‍കിയിരുന്നു എന്നും വിവരമുണ്ട്.