daytime-robbery-in-aluva-40

TOPICS COVERED

ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിതുറന്ന്  നാല്‍പത് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. ചെമ്പകശേരി ആശാന്‍ കോളനിയില്‍ ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ പുറത്തുപോയെന്ന് ഉറപ്പിച്ചശേഷമായിരുന്നു മോഷണം.

 

ഉച്ചയ്ക്ക് പന്ത്രണ്ടിനും വൈകീട്ട് അഞ്ചരയ്ക്കും ഇടയിലായിരുന്നു മോഷണം. വീടിന്‍റെ ഗെയ്റ്റും മുന്‍വശത്തെ വാതിലും താഴും തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. വീട്ടിലെ എല്ലാമുറിയും അരിച്ചുപെറുക്കി. വസ്ത്രങ്ങള്‍ മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണവും എട്ട് ലക്ഷം രൂപയും മോഷ്ടാവ് കൊണ്ടുപോയി. ഉച്ചവരെ ഇബ്രാംഹിംകുട്ടിയുടെ ഭാര്യ ലൈല വീട്ടിലുണ്ടായിരുന്നു. വീട് പൂട്ടി പതിനൊന്നരയോടെയാണ ലൈല ആശുപത്രിയിലേക്ക് പോയത്. ഇതിന് പിന്നാലെയാണ് മോഷ്ടാവ് എത്തിയത്. 

പഴയ വീടുകള്‍  പൊളിച്ചുവില്‍ക്കുന്ന ബിസിനസാണ് ഇബ്രാംഹിംകുട്ടിയ്ക്ക്. ബാങ്കിലടയ്ക്കാന്‍ വെച്ചിരുന്ന പണമടക്കം മോഷ്ടാവ് കൊണ്ടുപോയി. വീട്ടുകാരെ കൃത്യമായി നിരീക്ഷിച്ചാണ് മോഷണമെന്നാണ് പൊലീസിന്‍റെ നിഗമനം.  സമാനമായ രീതിയില്‍ മോഷണം നടത്തിയ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അയല്‍ ജില്ലകളിലേക്കടകം അന്വേഷണം വ്യാപിപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് ആലുവയില്‍ മോഷണം. രാത്രികാലപരിശോധനയടക്കം കര്‍ശനമാക്കാനാണ് റൂറല്‍ എസ്ടിയുടെ നിര്‍ദേശം.

ENGLISH SUMMARY:

Daytime robbery in Aluva: 40 sovereigns of gold stolen