തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബാങ്കുവഴി പണം ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച് 1.80 ലക്ഷം രൂപയുടെ ആറ് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കള്ളന്‍ പിടിയില്‍. കോഴിക്കോട് ഫറൂക്ക് സ്വദേശി ഇജാസ് അഹ്മദ് അറസ്റ്റിലായത് തമ്പാനൂരില്‍ മറ്റൊരു മോഷണം നടത്തുന്നതിനിടെ. മനോരമന്യൂസ് വാര്‍ത്തയുടെ യൂട്യൂബ് ലിങ്കിന് താഴെ വന്ന ഒരു കമന്‍റും മോഷ്ടാവിനെ തിരിച്ചറിയുന്നതില്‍ പൊലീസിന് തുണയായി.
നവംബര്‍ 25നാണ് നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.ബി മൊബൈല്‍ കടയില്‍ മോഷണം നടന്നത്. സ്വകാര്യ കമ്പനിയില്‍ മനേജറെന്ന് പരിചയപ്പെടുത്തി കടയില്‍ എത്തിയ മോഷ്ടാവ് 1.80 ലക്ഷം രൂപ വിലവരുന്ന ആറ് മൊബൈല്‍ ഫോണുകള്‍ ഓഡര്‍ ചെയ്തു. ചെക്ക് സ്വീകരിക്കില്ലെന്ന് അറിയിച്ചതിനാല്‍ ബാങ്കില്‍ പോയി പണം ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് പറഞ്ഞ് ഇയാള്‍ അടുത്തുള്ള സ്വകാര്യ ബാങ്കിന്‍റെ ബ്രാഞ്ചിലേക്ക് പോയി. തിരിച്ചെത്തി പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്‍റെ സ്ലിപ്പ് കാണിച്ച് ആറ് മൊബൈലുകളുമായി ഇയാള്‍ മടങ്ങി.
പിന്നീട് അക്കൗണ്ട് ചെക്ക് ചെയ്തപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി ഉടമ തിരിച്ചറിഞ്ഞത്. മോഷ്ടാവിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയ്ക്ക് താഴെ ഇയാളുടെ പേര് വിവരങ്ങള്‍ ഒരാള്‍ കമന്‍റ് ചെയ്തു. ഇതാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകരമായത്. തമ്പാനൂരില്‍ മറ്റൊരു മോഷണത്തിനിടെ ഇയാള്‍ അറസ്റ്റിലായി. തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസിന് കൈമാറി. മൊബൈല്‍ കടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സമാന രീതിയിലുള്ള മോഷണങ്ങള്‍ക്ക് പ്രതിക്കെതിരെ പതിനാറോളം കേസുകളുണ്ടെന്നാണ് വിവരം.