സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. തന്റെ സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശം നടത്തിയെന്നാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹണി റോസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ബോബിയുടെ പരാമര്‍ശം പലര്‍ക്കും അശ്ലീല കമന്‍റുകള്‍ ഇടാന്‍ ഉൗര്‍ജമായെന്നും ഹണി പറയുന്നു. ഹണിക്കെതിരെയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വിഡിയോയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
അതേസമയം, പരാതിക്കാരിയെന്ന നിലയിൽ തന്റെ പേര് മാധ്യമങ്ങൾ മറച്ചുവയ്ക്കരുതെന്ന് ഹണി റോസ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിരുന്നു. വീണ്ടും അധിക്ഷേപം തുടർന്നതോടെയാണ് പരാതി നൽകിയത്. തന്റെ പേര് പറഞ്ഞായിരുന്നു അധിക്ഷേപം മുഴുവൻ. ഞാൻ പരാതി പറയുമ്പോൾ എന്തിന് എന്റെ പേര് മറച്ചുവയ്ക്കണമെന്നും ഹണി റോസ് ചോദിക്കുന്നു. ബോബി ചെമ്മണ്ണൂരിനെ അഭിസംബോധന ചെയ്തുകൊണ്ട് കുറിപ്പും ഹണി റോസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെയുണ്ടാകുമെന്നും താന്‍ ഭാരതത്തിലെ നിയമ വ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു എന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു.
അതേസമയം, ഹണിയോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍. ബലമായി കൈ പിടിച്ചിട്ടില്ല; ആ സമയത്ത് ഹണി റോസ് പരാതിയൊന്നും പറഞ്ഞില്ല. ആഭരണങ്ങള്‍ അണിയിച്ചിരുന്നു; മാര്‍ക്കറ്റിങ്ങിനായി ചില തമാശകള്‍ പറയാറുണ്ട്. താന്‍ പറയാത്ത വാക്കുകള്‍ പലരും കമന്‍റുകളായി വളച്ചൊടിക്കുന്നെന്നും ബോബി ചെമ്മണ്ണൂര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.