ഷൊർണൂരിൽ വയോധികയുടെ മൂന്നു പവനോളം തൂക്കം വരുന്ന മാല മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റില്‍. വല്ലപ്പുഴ കുറുവട്ടൂർ താഴത്തേതിൽ എ.കെ.ഷാഹുൽ ഹമീദാണ് ഷൊര്‍ണൂര്‍ പൊലീസിന്‍റെ പിടിയിലായത്. വാടാനാംകുറുശി കൂമ്പാരംകട്ടി സ്വദേശിനി ദേവകിയുടെ മാല പിടിച്ചുപറിച്ച കേസിലാണ് അറസ്റ്റ്. മറ്റൊരു മോഷണ കേസിൽ ഷൊർണൂർ റെയിൽവേ പൊലീസിന്‍റെ പിടിയിലായതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് കുറ്റസമ്മതം. പിന്നീട് കോടതിയുടെ അനുമതിയോടെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിക്കപ്പെട്ട സ്വർണം പൊലീസ് വീണ്ടെടുത്തു.
നവംബർ 28ന് ദേവകി റെയിൽവേ ട്രാക്കിന് അരികിലൂടെ നടന്നുപോകുന്നതിനിടെയായിരുന്നു പിടിച്ചുപറി. പ്രതിയെ ഷൊർണൂർ പൊലീസ് കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചു. ആദ്യം ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 70000 രൂപയ്ക്കു പണയംവച്ച ആഭരണം പിന്നീടു തിരിച്ചെടുത്തു മറിച്ചു വിറ്റു. പൊലീസ് ഇൻസ്പെക്ടർ വി.രവികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.