സഹപ്രവര്‍ത്തകയെ അതിക്രൂരമായി ആക്രമിച്ചശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ നടന്ന കൊലപാതകം മറ്റുള്ളവര്‍ നോക്കി നിന്നു. പ്രതിയെ തടയാനോ കുത്തേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. പുനെയിലെ ബിപിഒ സ്ഥാപനമായ ഡബ്ല്യു.എന്‍.എസിലെ ജീവനക്കാരി ശുഭദ കൊടാരെയാണ് കൊല്ലപ്പെട്ടത്.
സഹപ്രവര്‍ത്തകനായ കൃഷ്ണ കനോജയില്‍ നിന്ന് ശുഭദ പലതവണ പണം കടം വാങ്ങിയിരുന്നു. കള്ളം പറഞ്ഞാണ് യുവതി പണം വാങ്ങിയതെന്ന് മനസ്സിലാക്കിയ യുവാവ് പണം തിരികെ ആവശ്യപ്പെട്ടു. യുവതി പണം തിരിച്ചു നല്‍കാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അച്ഛന് സുഖമില്ല എന്നുപറഞ്ഞാണ് ശുഭദ പലപ്പോഴും പണം വാങ്ങിയിരുന്നത്. എന്നാലിത് നുണയാണെന്ന് പിന്നീട് മനസ്സിലായി. കൃഷ്ണ ശുഭദയുടെ നാട്ടിലെത്തി അച്ഛന് ഒരസുഖവും ഇല്ലെന്ന് തിരിച്ചറിഞ്ഞു. യുവതി തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടതോടെ കൃഷ്ണ പണം തിരികെച്ചോദിച്ചു.
ശുഭദ പണം തിരികെ കൊടുത്തില്ല. ചോദിച്ചതിന് വഴക്കിടുകയും ചെയ്തു എന്നാണ് കൃഷ്ണ പൊലീസിന് നല്‍കിയ മൊഴി. ചൊവ്വാഴ്ച കനോജ ശുഭദയെ കമ്പനിയുടെ പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തി. പണം തിരികെ വേണമെന്ന് പറഞ്ഞു. എന്നാല്‍ ശുഭദ ഉറപ്പൊന്നും പറഞ്ഞില്ല. തര്‍ക്കം വലിയ വഴക്കായി. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന ആയുധം കനോജ യുവതിക്കു നേരെ വീശി. സഹപ്രവര്‍ത്തകരടക്കമുള്ളവര്‍ ഇതെല്ലാം കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. ചിലര്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. എന്നാല്‍ ആരും പ്രതിയെ പിടിച്ചുമാറ്റാനോ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനോ തയ്യാറായില്ല.
യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് മരണം ഉറപ്പാക്കിയ ശേഷം പ്രതി കയ്യിലുണ്ടായിരുന്ന ആയുധം വലിച്ചെറിഞ്ഞു. ഇതിനു ശേഷമാണ് ആളുകള്‍ കനോജയെ പിടികൂടി പൊലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.