fake-gold-case

TOPICS COVERED

ഷൊർണൂരിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. ഷൊർണൂർ അർബൻ ക്രെഡിറ്റ് സൊസൈറ്റിയിൽ രണ്ടര പവൻ തൂക്കം വരുന്ന മാല പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.  

 

പാലക്കാട് സ്വദേശികളായ ഒലവക്കോട്  പൂക്കാരത്തോട്ടം അഫ്സൽ, മേപ്പറമ്പ്  നിഷാർ, നരികുത്തി സിയാദ്, കൊപ്പം നരികുത്തി വീട്ടിൽ  സിക്കന്തർ എന്നിവരാണു പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയോടെയാണു ഷൊർണൂർ അർബൺ ക്രെഡിറ്റ് സൊസൈറ്റിയിൽ രണ്ടര പവൻ തൂക്കം വരുന്ന മാലയുമായി അഫ്സലും നിഷാറും എത്തിയത്. മാല കണ്ടു സംശയം തോന്നിയ  ജീവനക്കാർ കൂടുതൽ പരിശോധിച്ചു വ്യാജമാണെന്നു കണ്ടെത്തി പൊലീസിനെ അറിയിച്ചു. 

സിക്കന്തറും സിയാദുമാണ് മുക്കുപണ്ടം പണയം വയ്ക്കാൻ ഏൽപ്പിച്ചതെന്നായിരുന്നു ഇരുവരുടെയും മൊഴി.   സ്വർണമാണെന്നു വിശ്വസിപ്പിക്കാൻ 916 ഹോൾമാർക് മുദ്ര ഉൾപ്പെടെ വ്യാജമായി കൊത്തിവച്ച മാലയുമായാണ് ഇവരെത്തിയതെന്നു പൊലീസ് അറിയിച്ചു. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. ഇൻസ്പെക്ടർ വി.രവികുമാറിന്റെയും എസ്ഐ എം.മഹേഷ്കുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.