സൗഹൃദം നടിച്ചെത്തി പീഡിപ്പിച്ച കൂട്ടുകാരന്‍ മുതല്‍ നാട്ടുകാരും കായികാധ്യാപകരും വരെ നീളുന്ന 64പേര്‍. അതില്‍ 34 പേരുടെയും പേരുകള്‍ പത്തനംതിട്ടയിലെ പെണ്‍കുട്ടി എഴുതിവച്ചു. പതിനെട്ടുവയസിനിടെ സമാനതകളില്ലാത്ത ശാരീരിക–മാനസിക പീഡനത്തിലൂടെയും പിരിമുറുക്കത്തിലൂടെയുമാണ് ആ പെണ്‍കുട്ടി കടന്നുപോയത്. പ്ലസ്ടുക്കാരന്‍ മുതല്‍ മീന്‍ കച്ചവടക്കാരെ ആ പട്ടിക നീളുന്നു.
അഞ്ച് വര്‍ഷത്തിനിടെ 64പേര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കൗണ്‍സിലിങിലാണ് പെണ്‍കുട്ടി മനസ് തുറന്നത്. പതിമൂന്നാം വയസില്‍ സുഹൃത്തായിരുന്ന സുബിന്‍ പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു. പിന്നീട് ബൈക്കില്‍ കയറ്റി കുന്നിന്‍ മുകളിലെ റബര്‍തോട്ടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സുബിന്‍ ഇത് കൂട്ടുകാരുമായി പങ്കുവച്ചു. ഇങ്ങനെയാണ് പീഡന പരമ്പരയുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളില്‍ മിക്കവരും 20–30 വയസിനിടയില്‍ മാത്രം പ്രായമുള്ളവരാണ്. ഇതില്‍ ഒരാള്‍ പോക്സോ കേസില്‍ നിലവില്‍ ജയില്‍വാസം അനുഭവിക്കുകയാണ്.
അച്ഛന്‍റെ ഫോണിലൂടെയാണ് പ്രതികള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഇക്കൂട്ടത്തില്‍ നാട്ടുകാരും കായികതാരങ്ങളുമെല്ലാമുണ്ടെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍. രാജീവും വെളിപ്പെടുത്തുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി ചിഞ്ചുറാണിയും വ്യക്തമാക്കി.
മദ്യപാനിയായ അച്ഛന്‍റെ ഫോണ്‍ രാത്രി സമയത്ത് പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു. അങ്ങനെയാണ് പലരെയും പരിചയപ്പെട്ടത്. മൂന്ന് പേര്‍ ചേര്‍ന്ന് ഒന്നിച്ച് ഉപദ്രവിച്ചതായും വീട്ടിലെത്തിയും പീഡിപ്പിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തി. പൊലീസ് ഊര്‍ജിതമായി അന്വേഷണം തുടരുകയാണ്. നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കായികതാരം കൂടിയായ പെണ്‍കുട്ടി.