തിരുവനന്തപുരം നെയ്യാറ്റിന്‍കര സമാധി വിവാദത്തില്‍ കല്ലറ ഇന്ന് പൊളിക്കും. കലക്ടറുടെ ഉത്തരവിറങ്ങി,  പിന്നാലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് സുരക്ഷാ ചുമതല സബ് കലക്ടര്‍ ആല്‍ഫ്രഡിന്‍റെ സാന്നിധ്യത്തിലാണ് കല്ലറ പൊളിക്കല്‍. ഗോപന്‍ സ്വാമിയുടെ മൃതദേഹം  കണ്ടെത്തിയാല്‍ പോസ്റ്റുമോര്‍ട്ടം നടത്തും. 

വീട്ടുവളപ്പിൽ ക്ഷേത്രവും പൂജയും നടത്തിയിരുന്ന ഗോപൻ സ്വാമിയെ വ്യാഴാഴ്ച പുലർച്ചെയാണ് മക്കളും ഭാര്യയും ചേർന്ന് കോൺക്രീറ്റ് അറയുണ്ടാക്കി സമാധി ഇരുത്തിയത്. അച്ഛന്റെ ആഗ്രഹ പ്രകാരം സമാധി ഇരുത്തിയെനാണ് മക്കൾ പറയുന്നത്. എന്നാൽ കൊലപ്പെടുത്തിയെന്ന സംശയം നാട്ടുകാർ ഉന്നയിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. 

പിതാവിനെ മക്കള്‍ സമാധിയിരുത്തിയതില്‍ ബന്ധുക്കളുടെ മൊഴികളില്‍ പൊരുത്തക്കേടെന്ന് പൊലീസ് പറഞ്ഞു ജീവനോടെയാണ് സമാധിയിരുത്തിയതെന്ന് തെളിഞ്ഞാല്‍ മക്കളും ഭാര്യയും കൊലക്കേസില്‍ പ്രതികളാവും. ഗോപന്‍ സ്വാമിയെന്ന് അറിയപ്പെടുന്ന നെയ്യാറ്റിന്‍കര ആറാലുംമൂട് സിദ്ധന്‍ ഭവനില്‍ മണിയനെന്ന ഗോപനെയാണ് രണ്ട് ആണ്‍മക്കളും ഭാര്യയും ചേര്‍ന്ന് വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് അറയുണ്ടാക്കി സമാധിയിരുത്തിയത്. മരണസമയം മുന്‍കൂട്ടി കണ്ട അച്ഛന്‍ അവിടെയിരുന്ന് സമാധിയായെന്നാണ് ഇളയ മകന്‍ പറയുന്നത്.

വീട്ടില്‍ കിടന്ന് മരിച്ച അച്ഛനെ കോണ്‍ക്രീറ്റ് തറയുടെ സ്ഥലത്ത് കൊണ്ട് സമാധിയിരുത്തിയെന്നാണ് മൂത്തമകന്‍റെ മൊഴി. രണ്ട് ദിവസമായി കിടപ്പിലായിരുന്ന ഗോപന്‍ എഴുന്നേറ്റ് നടന്ന് പോയി സമാധി സ്ഥലത്ത് ഇരിക്കാനുള്ള സാധ്യതയില്ലെന്നാണ് മറ്റൊരു ബന്ധുവിന്‍റെയും മൊഴി. മൊഴികളിലെ പൊരുത്തക്കേടും മരണവിവരം പുറത്തറിയിക്കാത്തതുമാണ് ദുരൂഹതക്ക് കാരണം. ജീവനോടെയാണോ കോണ്‍ക്രീറ്റ് അറക്കുള്ളിലിരുത്തിയതെന്നാണ് ഇനി അറിയേണ്ടത്. 

ENGLISH SUMMARY:

Permission granted to exhume Gopan Swami's body; post-mortem to be conducted