pathanamthitta-rape-investigation-fifth-day

പത്തനംതിട്ട പീഡനക്കേസിൽ പ്രതികൾക്കായുള്ള അന്വേഷണം അഞ്ചാം ദിവസവും തുടരുന്നു. ഇതിനോടകം നാൽപത്തിമൂന്നു പേരാണ് പിടിയിലായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പതിനൊന്ന് കേസുകളിലായി ഇരുപത്തിയാറു പ്രതികളും ഇലവുംതിട്ടയിൽ പതിനാറു കേസുകളിലായി പതിനാലു പേരുമാണ് പിടിയിലായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് തമ്പടിക്കുന്ന യുവാക്കളുടെ സംഘമാണ് പെൺകുട്ടിയെ  സമ്മർദത്തിലാക്കി പീഡനത്തിനിരയാക്കിയതിൽ ഏറെയും. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസുകൾ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

 

ജില്ലയ്ക്ക് പുറത്തേക്കും പ്രതികൾ പെൺകുട്ടിയെ എത്തിച്ചോ എന്നതിൽ അന്വേഷണം തുടരുകയാണ്. പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതീവ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ദേശീയ വനിതാ കമ്മിഷനും കഴിഞ്ഞദിവസം പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഡിഐജി അജിതാ ബീഗത്തിനാണ് മേൽനോട്ടച്ചുമതല.

പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചതായും ഇതിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യം ഉപയോഗിച്ച് കൂടുതൽ പേർ പെൺകുട്ടിയെ സമ്മർദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ. സ്മാർട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോണിൽ ആയിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. നഗ്ന ദൃശ്യങ്ങളും ഫോൺനമ്പറും പ്രചരിപ്പിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചും അതിക്രമം ഉണ്ടായതാണ് വിവരം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ചും കൂട്ടബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.

പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്നു സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്. പെൺകുട്ടിയുടെ അച്ഛന്‍റെ മൊബൈൽ ഫോണിലേക്ക് നഗ്ന ദൃശ്യങ്ങൾ അയച്ചവരും പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരും പ്രതിപ്പട്ടികയിലുണ്ട്.  

ENGLISH SUMMARY:

In the Pathanamthitta rape case, 43 suspects have been arrested so far, with investigations ongoing across multiple police stations, including Pathanamthitta, Elavumthitta, Pandalam, and Malayalappuzha.