ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് വിനോദ സഞ്ചാരത്തിന് ഭീഷണിയായി ക്രിമിനലുകളുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം ഹൗസ് ബോട്ട് ടെർമിനലിൽ രണ്ടു സംഘങ്ങൾ ഏറ്റു മുട്ടി. കേസിൽ നാലു പേരെ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. അതേ സമയം കൈനകരിയിൽ ഹൗസ്ബോട്ട് ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ ഏറ്റുമുട്ടിയതിൽ പതിനാലു പേർക്കെതിരെ പുളിങ്കുന്ന് പോലിസ് കേസെടുത്തു.
പുന്നമടയിൽ കഴിഞ്ഞ രാത്രിയിലാണ് ഹൗസ് ബോട്ട് ജീവനക്കാരും ഉടമകളും അടങ്ങിയ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയത്. ഹിന്ദി പിന്നണി ഗായകൻ കുമാർ സാനുവും സംഘവും സഞ്ചരിച്ച ബോട്ടിലെ ജീവനക്കാരും മറ്റൊരു ഹൗസ്ബോട്ടിലെ ജീവനക്കാരും തമ്മിലായിരുന്നു തല്ലുണ്ടായത്. തോട്ടപ്പള്ളി സ്വദേശിയായ സെബിൻ എന്നയാൾക്ക് കമ്പി വടികൊണ്ട് തലയ്ക്ക് അടിയേറ്റു.
പുന്നമട സ്റ്റാർട്ടിങ്ങ് പോയന്റിൽ വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾ നോക്കി നിൽക്കേയാണ് ഏറ്റുമുട്ടലുണ്ടായത്. കേസിൽ ആലപ്പുഴ സ്വദേശികളായ ജിനു,അനൂപ്,അജിത്ത്,പ്രതീഷ് എന്നിവരെ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. . അതേസമയം ഹൗസ്ബോട്ടിൽ ജിവനക്കാരും യാത്രക്കാരായ വിമുക്തഭടൻമാരും തമ്മിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന പതിനാലു പേർക്കെതിരെ പുളിങ്കുന്ന് പോലിസ് കേസെടുത്തു. ഒരു വിമുക്ത ഭടന് കൈയ്ക്ക് വെട്ടേറ്റു. എതാനും മാസങ്ങൾക്ക് മുൻപും പുന്നമട ഫിനിഷിങ് പോയിന്റില്‍ വിനോദ സഞ്ചാരമേഖലയിൽ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഗുണ്ടകൾ അടക്കമുള്ളവർ ധാരളമായി മേഖലയിലേക്ക് എത്തുന്നത് കായൽ ടൂറിസം മേഖലയ്ക്കും ഭീഷണിയാകുകയാണ്