ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈ ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കടന്ന അജ്ഞാതൻ ആറ് തവണ നടനെ കുത്തി പരുക്കേൽപ്പിച്ചു. സംഭവത്തിൽ നടന്‍റെ മൂന്ന് വീട്ടുജോലിക്കാരെ കസ്റ്റഡിയിലെടുത്തു. പ്രതിക്കായി അന്വേഷണം തുടരുകയാണ്.
പലർച്ചെ രണ്ടരയോടെ ആണ് സംഭവം. വീട്ടുജോലിക്കാരിയുമായി ഒരു അജ്ഞാതൻ തർക്കത്തിൽ ഏർപ്പെടുന്നത് കണ്ട് നടൻ ഇവിടെ എത്തിയപ്പോളാണ് അപ്രതീക്ഷിത ആക്രമണം. കത്തികൊണ്ട് ആറു തവണ അക്രമി നടനെ കുത്തി. അക്രമി ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ വീട്ടുകാർ നടനെ സമീപത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴുത്തിലെയും കൈയിലെയും പരുക്ക് ആഴത്തിലുള്ളതാണ്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ നടൻ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മോഷണ ശ്രമമാണോ അതോ വധശ്രമമാണോ തുടങ്ങിയ കാര്യങ്ങൾ പൊലിസ് അന്വേഷിച്ച് വരികയാണ്. നടന്‍റെ വീട്ടിലെ മൂന്ന് ജോലിക്കാരെ പൊലീസ് ചോദ്യം ചെയ്തു. പ്രതിയെ കുറിച്ച് ഇതുവരെ സൂചനകൾ ലഭിച്ചിട്ടില്ല.
നടന്‍റെ വീട്ടിൽ ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവം നടക്കുമ്പോൾ നടന്‍റെ ഭാര്യ കരീന കപൂറും മക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല. നിരവധി ബോളിവുഡ് താരങ്ങൾ താമസിക്കുന്ന ബാന്ദ്രയിൽ സുരക്ഷാ സംവിധാനങ്ങൾ എല്ലാം മറികടന്ന് അക്രമി എങ്ങനെ നടന്‍റെ വീട്ടിലെ പതിനൊന്നാം നിലയിൽ എത്തി എന്ന കാര്യം ദുരൂഹമാണ്.