നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് വീട്ടുജോലിക്കാര്‍ പൊലീസ് കസ്റ്റഡിയില്‍. മുംബൈ ബാന്ദ്രയിലെ വീടിനുള്ളില്‍വച്ച് ഇന്ന് പുലര്‍ച്ചെയാണ് താരത്തിന്‍റെ കഴുത്തിനും കൈയ്ക്കും കുത്തേറ്റത്. ആറ് മുറിവുകളില്‍ രണ്ടെണ്ണം ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. മോഷണശ്രമത്തിനിടെ കുത്തേറ്റതായാണ് പ്രാഥമിക വിവരം. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.
മുംബൈ ലീലാവതി ആശുപത്രിയില്‍ സെയ്ഫ് അലി ഖാനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വീട്ടിലുണ്ടായിരുന്നവർ ഉണർന്നപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞിരുന്നു.
സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവിടെ അദ്ദേഹം ചികിത്സയിലാണെന്നും ഒരു മുതിർന്ന ഐപിഎസ് ഓഫീസർ സ്ഥിരീകരിച്ചിട്ടുണ്ട്. മോഷ്ടാവുമായുള്ള ഏറ്റുമുട്ടലിൽ കുത്തേറ്റതാണോ, അതോ പരുക്കേറ്റത് എങ്ങനെ എന്ന് ഇതുവരെ വ്യക്തമല്ല. വിഷയം അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുലർച്ചെ 3.30 ന് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തിന് ആറ് പരുക്കുകളുണ്ട്, അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. അത് ഓപ്പറേഷൻ ചെയ്തു. ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്‌മെറ്റിക് സർജൻ ലീന ജെയിൻ, അനസ്‌തറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവരാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്ന് ലീലാവതി ആശുപത്രി സിഇഒ നിരജ് ഉത്തമാനി പറഞ്ഞു