മുംബൈയിലെ ഫ്ലാറ്റിൽവച്ച് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ അക്രമിയെ പിടികൂടുന്നതിന് തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ഫ്ലാറ്റില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ്. ബാന്ദ്രയിലെ ഫ്ലാറ്റിന്‍റെ പതിനൊന്നാം നിലയില്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. നടന്‍ താമസിച്ചിരുന്ന നിലയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നെന്നും പൊലീസ്. പ്രതിയുടെ സിസിടിവി ദൃശ്യം കിട്ടിയത് ആറാംനിലയില്‍നിന്ന്. 20 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസിന്‍റെ അന്വേഷണം.
മോഷ്ടാവ് നടന്റെ ഫ്ലാറ്റിൽ നിന്നും ഫയർ എക്സിറ്റ് ഗോവണി വഴി പുറത്ത് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ആദ്യം ഫ്ലാറ്റിൽ അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്സ് ആയ ഏലിയാമ്മ ഫിലിപ്പ് ആണ്. ഇവരുടെ പരാതിയിലാണ് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. മോഷണ ശ്രമം അല്ലാതെ സംഭവത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ശരീരത്തിൽ ആറിടത്ത് കുത്തേറ്റ് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരമാണ്.
സെയ്ഫ് അലിഖാന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് അഞ്ച് മണിക്കൂര്‍ കൊണ്ടെന്ന് ഡോക്ടര്‍മാര്‍. നട്ടെല്ലിന് തൊട്ടരികെ തറഞ്ഞുകയറിയ കത്തിമുനയുമായാണ് താരം ആശുപത്രിയിലെത്തിയത്. മൂന്നിഞ്ചോളം നീളമുണ്ടായിരുന്ന കത്തിമുന മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ലീലാവതി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സെയ്ഫ് അലിഖാനെ മകന്‍ ഇബ്രാഹിം കോരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്.പ്രാഥമിക സ്കാനിങില്‍ തന്നെ നട്ടെല്ലിന് മധ്യഭാഗത്തായി കത്തികുത്തിക്കയറിയിരിക്കുന്നത് ഡോക്ടര്‍മാര്‍ കണ്ടു. 'ഒരുമില്ലീ മീറ്റര്‍ നീങ്ങിയിരുന്നെങ്കിലോ, ആഴത്തിലായിരുന്നുവെങ്കിലോ ഗുരുതരമായ സ്ഥിതി ആയിപ്പോയെനെ' എന്ന് ശസ്ത്രക്രിയ നടത്തിയ ന്യൂറോ സര്‍ജന്‍ നിതിന്‍ ഡാങ്കെ വെളിപ്പെടുത്തി. കുത്തേറ്റ് നട്ടെല്ലില്‍ നിന്നും സ്രവം പുറത്തേക്ക് വന്നിരുന്നു. നിലവില്‍ താരം അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി