കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ബലാല്‍സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെ നിരപരാധിയെന്ന് ആവര്‍ത്തിച്ച് പ്രതി സഞ്ജയ് റോയ്. കൊല്‍ക്കത്ത പൊലീസിലെ സിവില്‍ വൊളന്‍റിയറായിരുന്ന സഞ്ജയ്ക്ക് മേല്‍ കൊലപാതകം, ബലാല്‍സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 'പൊലീസുകാരിലൊരാള്‍ക്ക് എല്ലാം അറിയാം, എന്നെ മിണ്ടാന്‍ പോലും അനുവദിക്കാത്തത് എന്തുകൊണ്ടാണ്? ഞാനല്ല ഇത് ചെയ്തത്. ചെയ്തവര്‍ രക്ഷപെട്ട് പുറത്ത് നടക്കുകയാണ്. ഞാനെപ്പോഴും ഒരു രുദ്രാക്ഷം കഴുത്തിലണിയാറുണ്ട്. ഞാനാണ് കുറ്റം ചെയ്തതെങ്കില്‍ അത് പൊട്ടിപ്പോകട്ടെ. എന്ത് നീതിയാണ് എനിക്ക് പ്രതീക്ഷിക്കാനുള്ളത്' എന്നായിരുന്നു സഞ്ജയുടെ വാദം.
എന്നാല്‍ തിങ്കളാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുന്‍പായി സഞ്ജയ്ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കാമെന്നായിരുന്നു സിയാല്‍ദ കോടതി ജഡ്ജി അനിര്‍ബന്‍ ദാസിന്‍റെ മറുപടി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച 12.30നാകും ശിക്ഷാവിധി പ്രഖ്യാപിക്കുക. പൊട്ടിക്കരഞ്ഞാണ് കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് വിധിപ്രസ്താവം കേട്ടത്. നീതിപീഠത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്ന വിധിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഓഗസ്റ്റ് ഒന്‍പതിനാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന ഡോക്ടറെ പ്രതി ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. പ്രതി ഇവിടേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ക്ക് പുറമെ യുവതിയുടെ നഖത്തില്‍ നിന്ന് പ്രതിയുടെ ത്വക്കിന്‍റെ ഭാഗങ്ങൾ ലഭിച്ചിരുന്നു. ഡിഎൻഎ റിപ്പോർട്ടിൽ പ്രതി സഞ്ജയ് റോയിയാണെന്ന് തെളിയുകയും ചെയ്തു.
31കാരിയായ ഡോക്ടറുടെ അര്‍ധനഗ്നമായ ശരീരമാണ് സെമിനാര്‍ഹാളില്‍ നിന്നും കണ്ടെത്തിയത്. കൊല്‍ക്കത്തയിലും രാജ്യവ്യാപകമായും വലിയ പ്രക്ഷോഭമാണ് ഉണ്ടായതും. 160 ദിവസം കൊണ്ടാണ് കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയതും ഇപ്പോള്‍ വിധി വരുന്നതും.