TOPICS COVERED

വൈക്കത്ത് അതിഥി തൊഴിലാളികളെ താമസിപ്പിച്ചിടത്ത് ലഹരി കച്ചവടം നടത്തിയത് ചോദ്യം ചെയ്ത തൊഴിലുടമയുടെ കുടുംബത്തെ കുത്തിപ്പരുക്കേൽപ്പിച്ചു. വൈക്കം സ്വദേശിയായ മനാഫിന്റെ  പിതാവിനെയും സഹോദരനെയുമാണ് നാലംഗ സംഘം മർദിക്കുകയും കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തത്. മനാഫിന്റെ മുൻജീവനക്കാരൻ കൂടിയായ അക്ഷയ്‌യും സുഹൃത്തുക്കളുമാണ് ആക്രമണത്തിന് പിന്നിൽ. 

വൈപ്പിൻപടി കച്ചേരിത്തറയിൽ 52കാരനായ ഷാജി, 18കാരനായ മകൻ ബാദുഷ എന്നിവർക്കാണ് വെട്ടേറ്റത്. ടൗണിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിൽസയിലിരുന്ന ഇവരെ മുറിയിലെത്തി വിളിച്ചിറക്കിയായിരുന്നു ആക്രമണം. ബാദുഷയുടെ ഇരുകൈകൾക്കും തോളിലുമാണ് ഗുരുതര മുറിവ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു. ഷാജിയുടെ കൈപ്പത്തിയിലാണ് വെട്ടേറ്റത് 

കൊളുത്ത് പോലുള്ള കത്തി കൊണ്ടാണ് രണ്ട് പേർ ഷാജിയേയും  ബാദുഷയെയും വെട്ടിയത്. മർദ്ദനത്തിൽ മനാഫിൻ്റെ നെഞ്ചിനും കൈവിരലിനും പരുക്കുണ്ട്.ഷാജിയുടെ മൂത്തമകനായ മനാഫ് കെ.എസ്.ഇ.ബി കരാർ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന ആളാണ്. ഇതിനായി  മനാഫ് ഇതരസംസ്ഥാനതൊഴിലാളികളെ താമസിപ്പിച്ചരുന്ന മുറിയിൽ അക്ഷയ് പതിവായി കഞ്ചാവ് എത്തിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ചെമ്മനാകരി സ്വദേശികളായ അക്ഷയും മനുവും കണ്ടാലറിയുന്ന മറ്റ് രണ്ട് പേരു ചേർന്നാണ് ആക്രമിച്ചതെന്നാണ് കുടുംബം പൊലീസിന് നൽകിയ പരാതി. സംഭവത്തിൽ വൈക്കം പോലീസ് കേസെടുത്തു. 

ENGLISH SUMMARY:

In Vaikom, a four-member gang attacked the family of a man who had questioned the drug trade being conducted at a site where migrant workers were being housed.