പാതിരാത്രിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ യുവാവ് സ്വയം തീ കൊളുത്തി. ചെന്നൈ ആര്‍,കെ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. പുളിയന്തോപ്പ് സ്വദേശിയായ രാജന്‍ എന്നയാളാണ് സ്റ്റേഷനു മുന്നില്‍ സ്വയം തീ കൊളുത്തിയത്. ഇയാള്‍ എന്തിനാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല.
മദ്യലഹരിയിലാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. രണ്ടുപേര്‍ തന്നെ ഉപദ്രവിച്ചു, കേസെടുക്കണം എന്ന ആവശ്യവുമായാണ് രാജന്‍ സ്റ്റേഷനിലെത്തിയതെന്ന് പൊലീസ്. പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ സ്റ്റേഷന് പുറത്തെത്തി. പിന്നാലെ തീ കൊളുത്തിയെന്നാണ് പൊലീസ് വാദം. പെട്ടെന്നു തന്നെ പൊലീസുകാര്‍ തീയണച്ച് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.
ഗുരുതരമായി പരുക്കേറ്റ രാജന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. രാജന്‍ പരാതി നല്‍കിയ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലായി. എന്നാല്‍ എന്തിനായിരുന്നു ഇയാള്‍ സ്വയം തീ കൊളുത്തിയതെന്ന് വ്യക്തമല്ല. രാജനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.