കാസർകോട് കുമ്പളയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം. പെർവാഡ് സ്വദേശി അബൂബക്കർ സിദ്ധിഖിനെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോ ഡ്രൈവറായ അബൂബക്കർ സിദ്ദിഖിനെ അന്വേഷിച്ച് പെർവാഡ് സ്വദേശി ഹബീബും സുഹൃത്ത് അഹമ്മദ് കബീറും അബൂബക്കറിന്റെ വീട്ടിലെത്തി. അബൂബക്കർ പുറത്താണെന്നറിഞ്ഞതോടെ ഭാര്യയെ ഭീഷണിപ്പെടുത്തി മടങ്ങി. പിന്നാലെ ഇരുവരും മൊഗ്രാൽ സ്കൂളിന് സമീപം അബൂബക്കറിന്റെ ഓട്ടോ തടഞ്ഞു.
കൈക്കും മുഖത്തും മർദ്ദിച്ച ശേഷം വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാനായിരുന്നു ശ്രമം. അബൂബക്കർ പ്രതിരോധിക്കാൻ ശ്രമിച്ചതോടെയാണ് കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിച്ചത്.
നാട്ടുകാർ കൂടിയതോടെ പ്രതികൾ ഓടി രക്ഷപെട്ടു. കബീറിന്റെ മുൻ ഭാര്യയുമായി അബൂബക്കറിന് സൗഹൃദമുണ്ടെന്നാരോപിച്ചായിരുന്നു മർദ്ദനം. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ് കടത്ത്, സ്ത്രീകളെ അക്രമിക്കൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഹബീബ്. കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.