തിരുവനന്തപുരം കഠിനംകുളം സ്വദേശി ആതിരയെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയത് തന്നെ ഒഴിവാക്കുന്നതിലെ വൈരാഗ്യം കൊണ്ടെന്ന് ഇന്‍സ്റ്റഗ്രാം സുഹൃത്ത് ജോണ്‍സണ്‍ ഔസേപ്പ്. കയ്യില്‍ കരുതിയ ആയുധവുമായാണ് ആതിരയുടെ വീട്ടിലെത്തിയതെന്നും കുറ്റസമ്മതമൊഴി. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് കരുതുന്ന ജോണ്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
ആതിരയെ കൊല്ലാന്‍ ജോണ്‍സണ്‍ ഔസേപ്പ് എന്ന ഇന്‍സ്റ്റഗ്രാം സുഹൃത്ത് നടത്തിയത് ആസൂത്രിത നീക്കമെന്നാണ് പ്രാഥമിക മൊഴിയെടുപ്പില്‍ വ്യക്തമാവുന്നത്. ഒരു വര്‍ഷമായി ആതിരയുമായി സൗഹൃദത്തിലായിരുന്നു. പലതവണയായി ഒന്നരലക്ഷത്തോളം രൂപ വാങ്ങി. അതുപയോഗിച്ച് ബുള്ളറ്റ് ബൈക്ക് വാങ്ങി. അതില്‍ ഇരുവരും ഒരുമിച്ച് പലയിടത്തും യാത്ര ചെയ്തു. എന്നാല്‍ അടുത്തകാലത്തായി ആതിര തന്നെ ഒഴിവാക്കുന്നതായി തോന്നി. ഇതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൊല നടന്ന ദിവസം കത്തിയുമായി രാവിലെ ഏഴ് മണിയോടെ ആതിരയുടെ വീട്ടിലെത്തി. മകന്‍ സ്കൂളില്‍ പോകുന്നത് വരെ വീടിന് പിന്നില്‍ ഒളിച്ചിരുന്നു. വീടിന് അകത്ത് കയറിയ തനിക്ക് ആതിര ചായ തന്നു. ചായ കുടിക്കുന്നതിനിടെ തനിക്കൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ടു. ആതിര നിരസിച്ചു.പിന്നീട് സ്നേഹം നടിച്ച് ശാരീരിക ബന്ധത്തിന് ശ്രമിച്ചു. അതിനിടെയാണ് കട്ടിലില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത് കഴുത്തില്‍ കുത്തിയത്. ശബ്ദം പുറത്തുവരാതിരിക്കാനായി വായ പൊത്തിപ്പിടിക്കുകയും ടി.വി ഉച്ചത്തില്‍ വെക്കുകയും ചെയ്തെന്നും ജോണ്‍സണ്‍ പറയുന്നു. കൊലയ്ക്ക് ശേഷം കോട്ടയത്തേക്ക് മുങ്ങിയ ജോണ്‍സണ്‍ ഇന്നലെ കുറിച്ചിയില്‍ ഹോം നഴ്സായി ജോലി നോക്കിയിരുന്ന വീട്ടിലെത്തി. ടി.വിയില്‍ ഫോട്ടോ കണ്ടിരുന്ന വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
എലിവിഷം കഴിച്ചെന്നാണ് പൊലീസ് പിടിച്ചപ്പോള്‍ ജോണ്‍സണ്‍ അറിയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളൊന്നും കാണുന്നില്ലെങ്കിലും ഡോക്ടര്‍മാര്‍ നിരീക്ഷണം തുടരുകയാണ്.