Untitled design - 1

തൃശൂരില്‍ പെരിഞ്ഞനത്ത് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍  ശ്രമിച്ച ഓട്ടോഡ്രൈവര്‍ പിടിയില്‍.  സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോതപറമ്പില്‍ നിന്നാണ് പ്രതി പാലക്കാട് സ്വദേശി സന്തോഷ്പിടിയിലായത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പെരിഞ്ഞനം ദുര്‍ഗ്ഗാ നഗറില്‍ വച്ച് ചെന്ത്രാപ്പിന്നിയില്‍ താമസിക്കുന്ന തിരൂര്‍ സ്വദേശിയായ യുവതിയെ ഓട്ടോറിക്ഷയില്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്. 

 

പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കാന്‍  ശ്രമിച്ചു. പീ‍ഡനശ്രമത്തിന് ഇരയായ യുവതി ഓട്ടോയില്‍  നിന്നും തന്ത്രപൂര്‍വ്വം ചാടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

യുവതിയുടെ മൊഴിയില്‍ നിന്നും ആദര്‍ശ് എന്ന് എഴുതിയ  പ്രൈവറ്റ് ഓട്ടാേറിക്ഷയാണെന്ന് മനസിലാക്കി. തുടര്‍‍ന്ന് ഓട്ടോറിക്ഷ സ്റ്റാന്‍റുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോതപറമ്പില്‍ വച്ച് ഓട്ടോറിക്ഷ കണ്ടെത്തിയത്. വൈകാതെ പ്രതിയെ പിടികൂടി. തീരദേശ മേഖലയില്‍  ഫിനോയില്‍ വില്‍പ്പന നടത്താന്‍ എത്തിയതായിരുന്നു സന്തോഷ്. റൂറല്‍ പൊലീസ് എസ് പി ബി. കൃഷ്ണകുമാറിന്‍റെയും കൊടുങ്ങല്ലൂര്‍ ഡി.വൈ എസ പി. വി കെ രാജുവിന്‍റെ  നേതൃത്വത്തിലായിരുന്നു അന്വേഷണം.

ENGLISH SUMMARY:

Attempt to molest the woman in the Auto rickshaw