പത്തനംതിട്ട കലഞ്ഞൂരിൽ മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്റർ സുഹൃത്തിന്‍റെ വീട്ടിലെ മദ്യപാനത്തിനിടെ കൊല്ലപ്പെട്ടു. കഞ്ചോട് സ്വദേശി മനുവാണ് സുഹൃത്ത് ശിവപ്രസാദിന്റെ വീട്ടിൽ കൊല്ലപ്പെട്ടത്. മനുവിനെ ആശുപത്രിയിൽ എത്തിച്ച ശേഷം ഒളിവിൽ പോയ ശിവപ്രസാദിനെ പിന്നീട് പോലീസ് പിടികൂടി.
രാത്രി ശിവപ്രസാദിന്റെ പറമ്പിലെ പണിക്കായി മണ്ണുമാന്തി യന്ത്രവും ലോറിയുമായി എത്തിയതായിരുന്നു മനു. പണിക്ക് ശേഷം രാത്രിയിൽ രണ്ടുപേരും ഒരുമിച്ച് മദ്യപിച്ചു. ഇതിനിടെ തർക്കമുണ്ടാവുകയും മനു , ശിവപ്രസാദിന്റെ കയ്യിലും വയറ്റത്തും കടിക്കുകയും ചെയ്തു. ശിവപ്രസാദ് പിടിച്ചതള്ളിയ മനു തലയിടിച്ചു വീണു. അനക്കമില്ലാതെ വന്നതോടെ തൊട്ടടുത്ത വീട്ടിൽ സഹായം തേടുകയായിരുന്നു ശിവപ്രസാദ്.
അയൽവാസിയായ മനോജ് എത്തിയാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ അയച്ചത്.മരണം സ്ഥിരീകരിച്ചതോടെ ശിവപ്രസാദ് മുങ്ങി' പ്രതി ശിവപ്രസാദ് കുടുംബവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. അവിവാഹിതനാണ്. അമ്മയും സഹോദരിയും വിദേശത്താണ്. കൊല്ലപ്പെട്ട മനു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ.