ഇടുക്കി മുറിഞ്ഞപുഴയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച കേസില്‍ പിക്കപ്പ് ഡ്രൈവർ പിടിയിൽ. തമിഴ്നാട് തേനി സ്വദേശി സുരേഷ് ആണ് പൊലീസിന്റെ പിടിയിലായത്. ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ പിക്കപ്പ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കണ്ടെത്തിയത്
കഴിഞ്ഞ ഞായറാഴ്ചയാണ് ബൈക്ക് മറിഞ്ഞ് മുറിഞ്ഞപുഴ സ്വദേശി വിഷ്ണു മരിച്ചത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ് റോഡിൽ കിടന്നിരുന്ന വിഷ്ണുവിനെ മറ്റു വഴിയാത്രക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. അന്വേഷണം തുടങ്ങിയ പീരുമേട് പൊലീസിന് അപകടത്തിൽ തുടക്കത്തിലെ അസ്വാഭാവികത തോന്നിയിരുന്നു. തുടർന്നാണ് മുറിഞ്ഞപുഴ മുതൽ മുണ്ടക്കയം വരെയുള്ള സിസിടി ദൃശ്യങ്ങൾ പരിശോധിച്ചത്. ഇതോടെ വിഷ്ണുവിന്റെ ബൈക്കിലിടിച്ചിട്ട് നിർത്താതെ പോയ പിക്കപ്പിന്റെ നമ്പർ കണ്ടെത്തി. തുടർന്നാണ് തേനി റസിംഗാപുരം സ്വദേശി സുരേഷിനെ അറസ്റ്റ് ചെയ്തത്. സുരേഷ് പിക്കപ്പ് വാൻ കസ്റ്റഡിയിലെടുത്തു
അപകടം നടന്നത് മറയ്ക്കാൻ തമിഴ്നാട്ടിൽ വച്ച് സുരേഷ് പിക്കപ്പിന് അറ്റകുറ്റപ്പണികൾ നടത്തുകയും പെയിന്റ് അടിക്കുകയും ചെയ്തിരുന്നു. അപകടശേഷം തമിഴ്നാട്ടിലേക്ക് കടന്ന സുരേഷ് പിന്നീട് കേരളത്തിൽ എത്തിയിരുന്നില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു