നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസത്തിനടിമയെന്ന് ബന്ധുക്കള്‍. പണിക്കര്‍ പറഞ്ഞതുകൊണ്ടാണ് സജിത കൊല്ലപ്പെട്ടതെന്ന് ചെന്താമരയുടെ അമ്മാവന്‍ പരമേശ്വരന്‍ പറഞ്ഞു. ‘അവന്‍റെ കയ്യില്‍ കൊടുവാളുണ്ട്. തെളിവെടുപ്പിനിടെ പൊലീസിന്‍റെ കയ്യില്‍ കിട്ടിയ കൊടുവാളല്ല, വടികെട്ടിയ മറ്റൊരു കൊടുവാള്‍ ചെന്താമരയുടെ കയ്യിലുണ്ട്...’ –അമ്മാവന്‍ പറയുന്നു. ALSO READ: ‘അമ്മയെ കൊന്നവന് നല്ല ഭക്ഷണം കൊടുത്ത് വിട്ടിയച്ചില്ലേ; ഞാനും കൂടിയേ ബാക്കിയുള്ളൂ’
‘ചെന്താമരയുടെ ശല്യം സഹിക്കവയ്യാതെയാണ് ഭാര്യ പോയത്. ആ കുട്ടി പാവമായിരുന്നു. ചെന്താമരയുടെ കയ്യിലെ കൊടുവാള്‍ കണ്ട് പേടിച്ചാണ് അത് പോയത്. കയ്യില്‍ പത്ത് രൂപ കിട്ടിയാല്‍ അതുമായി ചെന്താമര പണിക്കരുടെ അടുത്തെത്തും. പണിക്കര്‍ എന്തുപറയുന്നോ അത് അപ്പാടെ വിശ്വസിക്കും, ചെയ്യും. അമ്പലത്തില്‍ പോകണമെന്ന് പറഞ്ഞാല്‍ അങ്ങനെ. കൂടോത്രം വേണമെന്ന് പറഞ്ഞാല്‍ അതും ചെയ്യും.’
ഭാര്യയുടെ കാതിലെ കമ്മലടക്കം വിറ്റാണ് ഇതൊക്കെ ചെയ്യുന്നത്. സഹികെട്ട് ഭാര്യ ഇറങ്ങിപ്പോയി. അതിനുകാരണം വീടിന്‍റെ എതിര്‍വശത്തുള്ള നീളന്‍ തലമുടിയുള്ള സ്ത്രീയാണെന്ന് പണിക്കര്‍ പറഞ്ഞതുകേട്ടാണ് ചെന്താമര 2019ല്‍ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്തുള്ള പുഷ്പ എന്ന സ്ത്രീയാണ് ചെന്താമരയുടെ അടുത്ത ഉന്നം എന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. ALSO READ: ചെന്താമര പുറത്തിറങ്ങുക രാത്രിയില്‍, ആക്രമണം ഭയന്ന് നാട്ടുകാര്‍; പിടികൂടാനാകാതെ പൊലീസ്
ചെന്താമരയെ ഭയന്ന് സ്വന്തം വീട്ടില്‍ കിടക്കാന്‍ പോലും പേടിയാണെന്ന് അയല്‍വാസികള്‍. എപ്പോഴും കതകടച്ചാണ് ചെന്താമര വീടിനുള്ളില്‍ ഇരിക്കുന്നത്. പകല്‍ പുറത്തിറങ്ങാറില്ല. രാത്രിയാണ് പുറത്തേക്കിറങ്ങുന്നത്. വീട്ടിനുള്ളിലിരുന്ന് പുറത്ത് നടക്കുന്നതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കും. രാവിലെയും വൈകിട്ടുമെല്ലാം മണിയടി ശബ്ദം കേള്‍ക്കാം. പൂജയെന്നുപറഞ്ഞ് മണിയടിച്ചുകൊണ്ട് ഓടിനടക്കുന്നത് കാണാമെന്നും ബന്ധു പറഞ്ഞു. ജനങ്ങള്‍ക്കും പൊലീസിനും ചെന്താമരയെ പേടിയാണെന്നാണ് മിക്കവരും പറയുന്നത്.