പാലക്കാട് നെന്മാറയിൽ ഇന്നലെ അതിക്രൂരമായ ഇരട്ടക്കൊലപാതകം നടത്തി നാടിന്റെ പേടി സ്വപ്നമായിമാറിയ പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ഇയാൾ ആത്മഹത്യ ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും പലക്കാട് എസ്പി അജിത് കുമാർ പറഞ്ഞു. ചെന്താമര തിരുപ്പൂരിൽ ഇല്ലെന്ന് ഉറപ്പിച്ചു. നെല്ലിയാമ്പതി മലയിൽ തിരച്ചിൽ തുടരും.
ചെന്താമരയുടെ ജാമ്യാപേക്ഷ പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു. ജാമ്യംലഭിച്ചശേഷം ജാമ്യവ്യവസ്ഥയില്‍ ഇളവുതേടിയപ്പോഴും എതിര്‍ത്തു. പക്ഷേ കോടതി ഇളവ് അനുവദിച്ചു . പൊലീസ് പ്രോസിക്യൂഷന് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് പി പറഞ്ഞു.
അപകടരമായ മാനസിക നിലയുള്ള കൊടുംകുറ്റവാളിയുടെ ആയുധമുനയിലാണ് നെന്മാറ. നാട്ടുകാർ രാവുംപകലും ഭയത്തിൽ. അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒളിവിൽപ്പോയ ചെന്താമരയെക്കുറിച്ച് ഒരു ദിവസം പിന്നിട്ടിട്ടും ഒരു തുമ്പുമില്ല. നെല്ലിയാമ്പതി കാടിന് സമീപത്തും പാലക്കാട് ഉണ്ടെന്ന അഭ്യൂഹത്തിൽ നഗരത്തിലും കോട്ടമൈതാനത്തും തിരഞ്ഞു. ആത്മഹത്യ ചെയ്തോ എന്ന സംശയത്തിൽ ജലാശയങ്ങളിൽ അഗ്നിരക്ഷാസേന പരിശോധിച്ചു. കെഡാവർ നായയെ ഉപയോഗിച്ച് തിരച്ചിൽ നടത്തും. മൊബൈൽ സിഡിആർ പരിശോധിച്ച് വിവിധയിടങ്ങളിൽ പരിശോധന നടത്തുമെന്ന് പൊലീസ്.
പ്രതിയെക്കുറിച്ച് ഇതുവരെ ലഭിച്ച സൂചനകൾ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ്. നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്ത് നെന്മാറയിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. ചെന്താമരയുടെ ഫോൺ കോഴിക്കോട് തിരുവമ്പാടിയിൽവച്ച് ആക്ടീവ് ആയതായി സൂചനയുണ്ട്. തിരുപ്പൂരിൽ എത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു.
കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചെന്താമര ലക്ഷ്മിയെയും സുധാകരനെയും ആക്രമിച്ചതെന്നും ഇരുവരുടെയും ശരീരത്തിൽ ആഴമേറിയ മുറിവുകളുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. അതിനിടെ പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടായി.
അതേസമയം, കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. ഇരുവര്‍ക്കും യാത്രമൊഴിയേകാന്‍ ഒരു നാടുമുഴുവന്‍ വീട്ടിലേക്ക് ഒഴുകിയെത്ത. വീട്ടിലെത്തിയ കെ.ബാബു എംഎല്‍എയോട് നാട്ടുകാര്‍ രോഷാകുലരായി. കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കെ.ബാബു എംഎല്‍എ ഉറപ്പ് നല്കി.