ശൗര്യവും ആക്രമണ സ്വഭാവവും മുൻനിർത്തി സ്വയം കടുവയെന്ന് വിശേഷിപ്പിക്കുന്ന നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര വിശപ്പിന്‍റെ കാര്യത്തിലും കടുവയെ മാതൃകയാക്കുന്ന ശീലക്കാരനാണ്. ഒരുതവണ വയർ നിറയെ ഭക്ഷണം കഴിച്ചാൽ രണ്ട് ദിവസം വരെ കുടിവെള്ളം പോലും വേണ്ടെന്ന് വച്ച് ചെന്താമരയ്ക്ക് തുടരാനാവും. അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ചെന്താമര സ്വയം വ്രതമിരിക്കുന്ന ശീലക്കാരനാണ്. ALSO READ; ചെന്താമരയെ കുടുക്കിയത് വിശപ്പ്; എഴുന്നേറ്റ് നില്‍ക്കാനുള്ള ആരോഗ്യമില്ല; പൊലീസിനോടും കൊലവിളി
പലപ്പോഴും വ്രതമിരുന്ന് കൂടെയുള്ളവരോട് വീരസ്യം പറയാറുണ്ടായിരുന്നു. പക്ഷേ, രണ്ട് ദിവസത്തിനപ്പുറം ചെന്താമരയ്ക്ക് ഭക്ഷണമില്ലാതെ പിടിച്ച് നിൽക്കാനാവില്ലെന്നത് മറ്റൊരു വസ്തുതയാണ്. ഈ പതിവാണ് കാട് കയറിയ ചെന്താമര രണ്ടാം നാൾ കാടിറങ്ങുമെന്ന പ്രതീക്ഷ പൊലീസ് ആദ്യം മുതൽ വച്ച് പുലർത്തിയത്. ഇരട്ടക്കൊല നടക്കുന്നതിന്‍റെ തലേദിവസം രാത്രിയിലാണ് ചെന്താമര വയർ നിറയെ ഭക്ഷണം അകത്താക്കിയത്. പിറ്റേന്ന് കൊലയുണ്ടായതിന് പിന്നാലെ വസ്ത്രം മാറി ഇയാൾ നെല്ലിയാമ്പതി മലനിരകളിൽപ്പെടുന്ന കാട്ടിലേക്ക് കയറിയത്.
കാട്ടിലെ യാത്രയിൽ ഒരിടത്തും വെള്ളം കുടിക്കാൻ പോലും നീർച്ചോലയുണ്ടായിരുന്നില്ല. ദാഹവും, ക്ഷീണവും കൂടിയപ്പോൾ ഭക്ഷണം തേടി തിങ്കളാഴ്ച പുറത്തിറങ്ങാൻ ചെന്താമര നോക്കി. വനാതിർത്തിയിലെ പാറപ്പുറത്ത് എത്തിയെങ്കിലും പരിസരം സുരക്ഷിതമല്ലെന്ന് കണ്ട് വനത്തിലേക്ക് തിരികെ കയറി. രാത്രിയും പകലും പരമാവധി പിടിച്ചു നിന്നു. പക്ഷേ നേരം അന്തിയോടടുത്തപ്പോൾ പിടിയിലാവുമെന്ന ഭയമായിരുന്നില്ല വിശപ്പായിരുന്നു ചെന്താമരയെ നയിച്ചത്. ALSO READ; ‘ഒന്നു കൊല്ലയാളെ...മതി...കാണാന്‍ വയ്യ, എന്തിനാ ഇനിയും’
2019 ൽ ഇതേ മട്ടിൽ കാട് കയറി കാടിറങ്ങിയ ചെന്താമര 2025 ലും പതിവ് തെറ്റിച്ചില്ല. ഇരട്ടക്കൊല നടത്തി കാട് കയറി. ഭക്ഷണം തേടി കാടിറങ്ങി. സഹോദരൻ്റെ വീട്ടിലേക്ക് വരുമെന്ന് കരുതി കുരുക്കിടാൻ നോക്കിയ പൊലീസിന് മുന്നിൽ മറ്റൊരിടത്ത് നിഷ്പ്രയാസം ചെന്താമര അടിയറ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ പൊലീസ് കയ്യോടെ പിടികൂടി. മൂന്നുപേരെക്കൂടി കൊല്ലണമെന്ന് പറയുന്നതിനിടയിലും എനിക്ക് വേഗത്തിൽ ഭക്ഷണം തരണമെന്നായി ചെന്താമര. അവിടെ കടുവയുടെ ശൗര്യമല്ല, കീഴ്പ്പെട്ടവന്‍റെ വേവലാതിയായിരുന്നു.
ഭക്ഷണം ആവർത്തിച്ച് ചോദിച്ച് ആർത്തിയോടെയാണ് അകത്താക്കിയത്. വീണ്ടും കടുവയ്ക്ക് കാട്ടിലേക്കല്ല മടക്കം. മൂവരെ അരിഞ്ഞ് വീഴ്ത്തിയ കൊലയാളിക്ക് അഴിയെണ്ണി, അഴിയെണ്ണി ശിഷ്ഠ കാലം കഴിയാം. ഭക്ഷണം തേടി വന്ന് സ്വയം പിടിയിലായ മറ്റൊരു കൊലക്കേസ് പ്രതിയുണ്ടോ എന്നതും സംശയമാണെന്ന് പൊലീസും.