തിരുവനന്തപുരം നെട്ടയത്ത് സ്കൂള്‍ ബസില്‍ കത്തിക്കുത്ത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്ലസ്വണ് വിദ്യാര്‍ഥി, ഒന്‍പതാം ക്ലാസുകാരനെ മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്രമിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ക്ലാസ് കഴിഞ്ഞ് സ്കൂള്‍ ബസില്‍ മടങ്ങുന്നതിനിടെ വൈകിട്ട് നാലുമണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ബസില്‍ വച്ച് ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായി. ഇതോടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഒന്‍പതാംക്ലാസുകാരന്‍റെ കഴുത്തില്‍ മൂന്ന് വട്ടം കുത്തി. മൂന്ന് സെന്‍റീ മീറ്ററോളം ആഴമുള്ള മുറിവുകളാണ് ഏറ്റതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
സ്കൂളില്‍ ഇന്ന് പാഠ്യവിഷയത്തോട് അനുബന്ധിച്ച ചില എക്സ്പിരിമെന്‍റുകള്‍ ഉണ്ടായിരുന്നുവെന്നും ഇതിനായാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി കത്തിയുമായി സ്കൂളിലെത്തിയതെന്നും പൊലീസ് പറയുന്നു. കുത്തേറ്റ കുട്ടിയും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി മുന്‍പും വാക്കേറ്റമുണ്ടായിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. എല്ലാവിധ നിയമനടപടികളോടും സഹകരിക്കുമെന്നും അക്രമിയായ വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്നും പുറത്താക്കുന്നതിനടക്കമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.