കര്‍ണാടകയില്‍ യുവതിയെ ആള്‍ക്കൂട്ട വിചാരണ നടത്തി മരത്തില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. റായ്ച്ചൂരിലാണു നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കെ 38കാരിയെ ആള്‍ക്കൂട്ട വിചാരണ നടത്തിയത്. യുവതിയുമായി അടുപ്പമുണ്ടായിരുന്നയാള്‍ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം.
റായ്ച്ചൂര്‍ ജാലഹള്ളിയില്‍ തിങ്കളാഴ്ച വൈകിട്ടാണു യുവതിയെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദനം അഴിച്ചുവിട്ടത്. ഗ്രാമത്തിലെ രംഗപ്പയെന്ന യുവാവ് അടുത്തിടെ ദുരൂഹ സാഹചര്യത്തില്‍മരിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ദണ്ഡമ്മയെന്ന യുവതി യുവാവിന്റെ മരണസമയത്ത് കൂടെയുണ്ടായിരുന്നുവെന്ന വിവരം പുറത്തായി. ഇതോടെയാണു മരിച്ചയാളുടെ സഹോദരനും സഹോദരിമാരും ആള്‍ക്കൂട്ട വിചാരണയും ആക്രമണവും നടത്തിയത്. വീട്ടില്‍ നിന്നു വിളിച്ചറിക്കി റോഡരികിലെ പുളിമരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം.
നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയായിരുന്നു വിചാരണയും മര്‍ദ്ദനവും. പൊലീസെത്തിയാണു യുവതിയെ രക്ഷിച്ചത്. സംഭവത്തില്‍ മരിച്ചയാളുടെ സഹോദരന്‍ ബസവരാജ് നായകയ്ക്കും മൂന്നു സഹോദരിമാര്‍ക്കുമെതിരെയും കേസെടുത്തു.