പിഞ്ചുകുഞ്ഞിനോടുള്ള ക്രൂരതയില്‍ നടുങ്ങി കേരളം. തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മാവന്‍. സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. അമ്മാവന്‍ ഹരികുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
സംരക്ഷിക്കേണ്ട കൈകളാൽ കേരളത്തിലെ മറ്റൊരു കുഞ്ഞുകൂടി അതിക്രൂരക്കൊലയ്ക്ക് ഇരയായി. ബാലരാമപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജിത്ത് ശ്രീതു ദമ്പതികളുടെ ഇളയ മകൾ ദേവേന്ദു വിനയാണ് ഉറ്റവർ കിണറ്റിൽ എറിഞ്ഞു കൊന്നത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാനില്ല എന്ന പരാതിയാണ് ഇന്ന് ഇന്ന് പുലർച്ചെ ആദ്യമുയർന്നത്. സ്ഥലത്തെത്തി പരിശോധിച്ച പൊലീസ് വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് രാവിലെ എട്ടുമണിയോടെ മൃതദേഹം കണ്ടെടുത്തു.
ദേവന്തു മരിച്ച രാത്രി മാതാപിതാക്കളും മൂത്ത സഹോദരി പാർവണേന്ദുവും കൂടാതെ അമ്മയുടെ അമ്മ ശ്രീകലയും അമ്മയുടെ സഹോദരൻ ഹരികുമാറും വീട്ടിലുണ്ടായിരുന്നു. നാലുപേരും പരസ്പര വിരുദ്ധമൊഴികൾ നൽകിയതോടെ നാലു പേരെയും രാവിലെ തന്നെ കസ്റ്റഡിയിലെടുത്തു. ഉച്ചയോടെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആരും അറിയാതെ എടുത്ത് കിണറ്റിൽ ഇട്ടു എന്നാണ് ഹരികുമാറിന്റെ മൊഴി. സഹോദരിയും ആയിട്ടുള്ള വ്യക്തിപരമായ പ്രശ്നമാണ് കാരണമെന്നും പറയുന്നു. എന്നാൽ അവർ തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ കുഞ്ഞിനെ എന്തിനു കൊന്നു എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല.
സഹോദരിക്ക് പങ്കില്ല എന്നാണ് ഹരികുമാറിന്റെ മൊഴി എങ്കിലും പോലീസ് വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിൽ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. എന്നാൽ ശ്രീതുവിന്റെ ചില നടപടികളിൽ എതിർപ്പുണ്ടായിരുന്ന ശ്രീജിത്ത് വേർപ്പെട്ടാണ് കഴിഞ്ഞിരുന്നത്. ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ വീട്ടിൽ വന്നത്. അതിനാൽ ശ്രീജിത്തിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് നിഗമനം.