തട്ടിക്കൊണ്ടുപോകൽ എന്ന് കരുതിയ കേസാണ് അതിക്രൂര കൊലയിലേക്ക് വഴി മാറിയത്. കുഞ്ഞിനെ കൊന്നശേഷം അത് മറയ്ക്കാനായി പരസ്പര വിരുദ്ധ മൊഴികൾ നൽകിയതിനൊപ്പം അച്ഛന്റെ തലയിൽ കുറ്റം കെട്ടിവയ്ക്കാനടക്കം ദുരൂഹമായ ഒട്ടേറെ കാര്യങ്ങളും പ്രതി ചെയ്തു. ഇതിനെല്ലാം അമ്മയുടെ പിന്തുണയുണ്ടായിരുന്നോ എന്നാണ് ഇനി അറിയേണ്ടത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത കുഞ്ഞിന്‍റെ അമ്മയെ വിട്ടയച്ചു.
പുലർച്ചെ 5 മണിയോടെയാണ് മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി ബാലരാമപുരം പൊലീസിന് ലഭിക്കുന്നത്.ആദ്യ പരിശോധനയിൽ തന്നെ വീട്ടുമുറ്റത്തെ കിണർ മറച്ചിരിക്കുന്ന വല ഒരു ഭാഗത്ത് നീങ്ങിയിരിക്കുന്നത ശ്രദ്ധയിൽ പെട്ടു. മൃതദേഹം ലഭിച്ചതോടെ കൊലപാതകി വീട്ടിനുള്ളിൽ തന്നെയെന്ന് ഉറപ്പിച്ചു.
സ്വന്തം കുഞ്ഞാണ് മരിച്ചതെന്ന ദുഃഖം തീരെയില്ലാതെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു അമ്മയുടെയും അമ്മാവന്റെയും ഭാഗത്ത് പിന്നീടുണ്ടായത്. കുട്ടി ആ രാത്രി ആരുടെ കൂടെയാണ് കിടന്നതെന്ന് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധ മൊഴികൾ നൽകി അച്ഛനെ സംശയ നിഴലിലാക്കാനായിരുന്നു ശ്രമം.
ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പങ്കിന് തെളിവില്ലെന്ന് പൊലീസ്. അമ്മയെ ആവശ്യമെങ്കില്‍ പിന്നീട് ചോദ്യംചെയ്യുമെന്ന് ഡി.വൈ.എസ്.പി എസ്.ഷാജി. അച്ഛനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഹരികുമാര്‍ എടുത്തുകൊണ്ടുപോയി. അമ്മ ശുചിമുറിയില്‍പോയപ്പോള്‍ ആറു മണി കഴിഞ്ഞപ്പോള്‍ കിണറ്റിലിട്ടു എന്നാണ് അമ്മ മൊഴി നല്‍കിയത്.
അമ്മാവൻ കിടന്ന കട്ടിലൽ മണ്ണെണ്ണ ഒഴിച്ച് തീയിട്ട നിലയിലായിരുന്നു. പുറമെ നിന്ന് ആക്രമണമുണ്ടായെന്ന് വരുത്തി അന്വേഷണ വഴി തെറ്റിക്കാനായിരുന്നു ആ നീക്കം. വീടിനകത്തെ മുറിയിൽ കുരുക്കിട്ട മൂന്ന് കയറുകൾ കെട്ടി തൂക്കി കൂട്ട ആത്മഹത്യാ ശ്രമം എന്ന നാടകം കളിക്കാനും ശ്രമിച്ചു. എന്നാൽ അമ്മയുടെയും അമ്മാവന്റെയും മൊബൈൽ ചാറ്റുകൾ പരിശോധിച്ചും രണ്ടു പേരെയും രണ്ട് മുറിയിലാക്കി ഒരേ ചോദ്യം ചോദിച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ് പ്രതിയുടെ കള്ളക്കളികൾ പൊളിക്കുകയായിരുന്നു.