ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരികടത്തുന്ന സംഘത്തില്‍ നിന്ന് നാല് ലക്ഷം രൂപ വിലയുള്ള 50 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ ഇ.എസ്. അഫ്രീദി, അമല്‍ ആവോഷ്, പള്ളുരുത്തി സ്വദേശി ഹിജാസ്, തോപ്പുംപടി സ്വദേശി ഫിര്‍ദോസ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇടപ്പള്ളിയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് നാല്‍വര്‍ സംഘം കുടുങ്ങിയത്.
ലോഡ്ജിലെ മുറിയില്‍ വില്‍പനയ്ക്കായി എംഡിഎംഎ തയാറാക്കുകയായിരുന്നു പ്രതികള്‍. അഫ്രീദിയാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് അന്‍പത് ഗ്രാം എംഡിഎംഎ എത്തിച്ചത്. ഇത് വീതിച്ച് പ്രതികള്‍ അവരുടെ മേഖലകളില്‍ വിതരണം ചെയ്യുകയാണ് പതിവ്.
ലഹരിമാഫിയ സംഘത്തിലെ കൂടുതല്‍ കണ്ണികളെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു. ലഹരിമരുന്നിന്‍റെ ഉറവിടം ഉള്‍പ്പെടെ കണ്ടെത്താനാണ് ശ്രമം. എറണാകുളം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.