കോട്ടയം ചെമ്മനാകരിയിൽ അപകടത്തിൽപെട്ട് റോഡരുകിൽ വച്ചിരുന്ന ബൈക്ക് കത്തിനശിച്ചു. ബൈക്കിന് സാമൂഹ്യവിരുദ്ധർ തീയിട്ടതായാണ് സംശയം. പെയിൻ്റിംഗ് തൊഴിലാളിയായ ചെമ്മനാകരി സ്വദേശി ഉണ്ണിയുടെ ബൈക്കാണ് പൂർണ്ണമായി കത്തിനശിച്ചത്. ചെമ്മനാകരി കവലയിൽ വച്ച് കാറുമായി ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് റോഡരുകിൽ വച്ചിരുന്ന ബൈക്കാണ് കത്തിനശിച്ചത്.
സാമൂഹ്യ വിരുദ്ധ ശല്യം ഏറെയുള്ള ചെമ്മനാകരി കൃഷ്ണപിള്ള ജംഗ്ഷനിലായിരുന്നു പലചരക്ക് കടയ്ക്ക് സമീപം ബൈക്ക് വച്ചിരുന്നത്. പുലർച്ചെ ഒരു മണിയോടെ അതുവഴി പോയവർ കട ഉടമയെ ഫോൺ വിളിച്ചാണ് തീപിടിത്തം അറിയിച്ചത്. കടയുടമ ഷാജൻ ഫയർഫോഴ്സിനെ വിളിച്ച് വരുത്തിയെങ്കിലും ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.
ഞായറാഴ്ച പൊലീസെത്തി ബൈക്ക് സ്റ്റേഷനിൽ ഹാജരാക്കാൻ പറഞ്ഞിരുന്നു. പരുക്കുകളോടെ ഉണ്ണിയും സഹയാത്രികനും ആശുപത്രിയിൽ തുടരുമ്പോഴാണ് ബൈക്ക് കത്തി നശിച്ചത്.. ഉണ്ണിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു.