knife

പ്രതീകാത്മക ചിത്രം

അമ്മയുടെ കാമുകനെ കണ്ടെത്തി കുത്തിക്കൊന്ന് മക്കള്‍. രത്തന്‍ജി താക്കൂര്‍ എന്ന നാല്‍പ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് യുവാക്കള്‍ രത്തന്‍ജിയെ മര്‍ദിച്ചവശനാക്കിയത്. സംഭവത്തില്‍ കലോല്‍ പൊലീസ് കേസെടുത്തു. സഞ്ജയ് താക്കൂര്‍ (27), ജയേഷ് താക്കൂര്‍ (23) എന്നിവരാണ് പ്രതികൾ. 

പതിനഞ്ച് വര്‍ഷമായി രത്തന്‍ജിയോടുണ്ടായിരുന്ന പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇവരുടെ അച്ഛന്‍ നേരത്തെ മരണപ്പെട്ടതാണ്. അച്ഛനും കുടുംബത്തിനാകെയും അമ്മയുടെ പ്രണയം നാണക്കേട് വരുത്തിവച്ചുവെന്ന് പറഞ്ഞാണ് മക്കള്‍ ഈ ക്രൂരകൃത്യം നടപ്പാക്കിയത്.

കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ രത്തന്‍ജിയും സഹായി ജിത്തുജി പാര്‍മറും ജോലി ചെയ്യുമ്പോഴാണ്  സഞ്ജയും ജയേഷും ഇവിടേക്കെത്തിയത്. കത്തിയും ഇരുമ്പുവടിയുമടക്കം ആയുധങ്ങളും കരുതിയിരുന്നു. ഇരുമ്പുവടികൊണ്ട് ജയേഷ് രത്തന്‍ജിയുടെ തലയ്ക്കടിച്ചു. നിലത്ത് വീണ ഇയാളെ സഞ്ജയ് കത്തികൊണ്ട് പലവട്ടം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

രത്തന്‍ജിയുടെ കുടൽ വലിച്ച് പുറത്തിട്ട്, ആന്തരികാവയവങ്ങള്‍ അരിഞ്ഞെടുത്താണ് സജ്ഞയ് പക തീര്‍ത്തത്. ചോരയില്‍ കുളിച്ച് അവയവങ്ങള്‍ വേര്‍പെട്ട നിലയിലായിരുന്നു രത്തന്‍ജിയുടെ ശരീരം. കണ്‍സ്ട്രക്ഷന്‍ സൈറ്റിലുണ്ടായിരുന്നവര്‍ രത്തന്‍ജിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ കത്തിയും ഇരുമ്പുവടിയും ചൂണ്ടി ഇവരെ പേടിപ്പിച്ചു. കൊലയ്ക്ക് ശേഷം ബൈക്കില്‍ കയറി ഇവര്‍ സ്ഥലംവിട്ടു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

അച്ഛനെ പ്രതികള്‍ മുന്‍പും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് കൊല്ലപ്പെട്ട രത്തന്‍ജിയുടെ മകന്‍ അജയ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുമായുള്ള ബന്ധം തുടരരുത് എന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. സമുദായ നേതാക്കളോട് ഇവര്‍ പരാതിപ്പെട്ടു. അവരുമായി ചേര്‍ന്ന് പ്രശ്നപരിഹാരം വേണമെന്ന ആവശ്യമുന്നയിച്ചു. എന്നാല്‍ അതൊന്നും നടപ്പായില്ല. ഇതോടെയാണ് തൻ്റെ അച്ഛനോടുള്ള പക വർധിച്ചതെന്നാണ് അജയ് പറയുന്നത്.

ENGLISH SUMMARY:

Brothers allegedly stabbed a man to death, even flinging his intestines into the air in front of stunned onlookers. The murder was driven by the brothers deep resentment toward the victim, Ratanji Thakor, 45, who had been in a long-standing affair with their mother.