child-devendhu

തിരുവനന്തപുരം ബാലരാമപുരത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടുവയസുകാരി ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊന്നത് അമ്മാവന്‍ ഹരികുമാറെന്ന് പൊലീസ്. ഇയാള്‍ കുറ്റംസമ്മതിച്ചു. രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞാണ് പ്രതി കൊലപ്പെടുത്തിയത്. ഹരികുമാര്‍ കുറ്റമേറ്റു പറഞ്ഞാതായി പൊലീസ് പറയുന്നു. ഇയാളുടെ മൊഴിയുടെ വിശ്വാസ്യത പൊലീസ് പരിശോധിക്കുകയാണ്.

മണിക്കൂറുകള്‍ നീണ്ടുനിന്ന ദുരൂഹതയ്ക്കൊടുവിലാണ് ദേവേന്ദുവിന്‍റെ ജീവനെടുത്തത് അമ്മാവനെന്ന് സ്ഥിരീകരണം വരുന്നത്.  എന്നാല്‍ കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. പരസ്പര വിരുദ്ധമായ മൊഴികളാണ് രാവിലെ മുതല്‍ കുടുംബാംഗങ്ങള്‍ പൊലീസിന് നല്‍കിക്കൊണ്ടിരുന്നത്. വീടിനുള്ളില്‍ നിന്നും കുരുക്കിട്ട നിലയില്‍ കയര്‍ കണ്ടതും ദുരൂഹത സൃഷ്ടിച്ചിരുന്നു. ഇത് അന്വേഷണം വഴി തിരിച്ചുവിടാനാണെന്ന സംശയവും പൊലീസ് പ്രകടിപ്പിച്ചിരുന്നു. 

ശ്രീതു–ശ്രീജിത്ത് ദമ്പതികളുടെ മകളാണ് ദേവേന്ദു. രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പൊലീസും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ  വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കാണാതെയായതില്‍ അമ്മാവനെ സംശയമുണ്ടെന്ന് കുട്ടിയുടെ പിതാവ് പൊലീസിനോട് സംഭവ സമയത്ത് തന്നെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ENGLISH SUMMARY:

The death of the two-year-old girl found under mysterious circumstances in Balaramapuram, Thiruvananthapuram, has been confirmed as a murder. The police have identified the child's uncle as the culprit, and he has confessed to the crime. The accused killed the toddler, Devendu, by throwing her into the well.