സി.പി.എം നേതാവും മുൻമന്ത്രിയുമായ ഇ.പി ജയരാജന്റെ പഴ്‌സനൽ സ്റ്റാഫ് അംഗം എന്ന വ്യാജേന ആലപ്പുഴയിൽ തൊഴിൽ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. തിരുവനന്തപുരം സ്വദേശി അനിൽകുമാർ ആണ് പിടിയിലായത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വ്യാജ ഉത്തരവുകളും ഇയാൾ കൈമാറിയിരുന്നു.
ആലപ്പുഴ കൈനകരി തോട്ടുവാത്തല സ്വദേശി സുമ നൽകിയ പരാതിയെ തുടർന്നാണ് തിരുവനതപുരം കേശവദാസപുരം സ്വദേശിഅനിൽ കുമാറിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകൻ അഭിലാഷും തട്ടിപ്പിൽ പങ്കാളിയാണ്. ആലപ്പുഴ ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുമ്പോൾ അവിടെ നഴ്സുമാരുടെ ഒഴിവുണ്ടെന്നും നിയമനം നൽകാമെന്നും പറഞ്ഞാണ് ഇയാൾ സമീപിച്ചത്. പരാതിക്കാരിയായ യുവതിയുടെ സുഹ്യത്തായ കൊല്ലം സ്വദേശി വഴിയാണ് അനിൽകുമാർ യുവതിയെ സമീപിച്ചത്. മുൻമന്ത്രിയും സി.പി.എം നേതാവുമായ ഇ.പി. ജയരാജന്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
നേരിട്ടും അല്ലാതെയും പല തവണകളായി രണ്ടരലക്ഷം രൂപയോളം തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജിലും ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട് എറണാകുളത്ത് നിന്നാണ് അനിൽകുമാര്‍ പിടിയിലായത്.
അഞ്ചു മാസം താൽക്കാലിക നിയമനവും തുടർന്ന് സ്ഥിരം നിയമനവുമാണ് ഇയാൾ വാഗ്ദാനം ചെയ്തിരുന്നത്. സ്വാധീനമുണ്ടെന്ന് തെളിയിക്കാൻ പണം നൽകിയവരെ ആശുപത്രിയിൽ വിളിച്ചു വരുത്തി ആരോഗ്യ വകുപ്പിന്റെ ഐ.ഡി കാർഡും ധരിച്ച് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ കയറിയിറങ്ങുകയും ചെയ്തു. വിശ്വസിപ്പിക്കാനായി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പേരിലുള്ള വ്യാജ ഉത്തരവുകളും ഇയാൾ തയാറാക്കി നൽകി. അനിൽകുമാർ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.