ബാലരാമപുരം കോട്ടുകാല്‍കോണത്ത് രണ്ടുവയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്. ശ്രീതു– ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവനന്ദയെയാണ് കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളെയും അമ്മയുടെ സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവരുടെ മൊഴികളില്‍ വന്‍ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് കണ്ടെത്തി. വീട് പൊലീസ് സീല്‍ ചെയ്തു.
കുഞ്ഞ് രാത്രിയില്‍ ഉറങ്ങിയത് ആര്‍ക്കൊപ്പമാണെന്നതില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. അച്ഛന്‍റെ അടുത്താണ് കുട്ടി കിടന്നതെന്ന് മുത്തശ്ശിയും കുട്ടിയുടെ അമ്മയും പറയുന്നു. എന്നാല്‍ കുഞ്ഞ് അമ്മയ്ക്കൊപ്പമാണ് ഉറങ്ങിയതെന്നാണ് അച്ഛന്‍റെ വാദം. കുഞ്ഞ് ഉറങ്ങിയത് മാതാപിതാക്കള്‍ക്കൊപ്പമാണെന്ന ഭിന്നമൊഴിയാണ് ശ്രീതുവിന്‍റെ സഹോദരന്‍ ഹരികുമാര്‍ പൊലീസിന് നല്‍കിയത്. ഇന്നലെ വൈകിട്ട് ആറുമണി മുതല്‍ താന്‍ വീട്ടിലുണ്ടെന്നും അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്നും ഹരികുമാര്‍ പറയുന്നു.
കുഞ്ഞിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വാദത്തില്‍ സ്ഥലം എംഎല്‍എ എം. വിന്‍സന്‍റും നാട്ടുകാരും ഉറച്ച് നില്‍ക്കുകയാണ്. വലിയ സാമ്പത്തിക ബാധ്യത ഇവര്‍ക്കുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ദേവനന്ദയുടെ പിതാവായ ശ്രീജിത്ത് ഇവര്‍ക്കൊപ്പമല്ല താമസം. മുത്തച്ഛന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് ശ്രീജിത്ത് ഇവിടേക്ക് എത്തിയതെന്നാണ് അയല്‍വാസികളുടെ വെളിപ്പെടുത്തല്‍. അതിനിടെ വീട്ടില്‍ സൂക്ഷിച്ച 30 ലക്ഷം രൂപ കാണാതായെന്ന് കുടുംബം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്.