തിരുവനന്തപുരം നെട്ടയത്ത് സ്കൂള്‍ ബസില്‍ കത്തിക്കുത്ത്. ഒമ്പതാം ക്ലാസുകാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍. നെട്ടയത്തെ സ്വകാര്യ പബ്ലിക് സ്കൂളിലെ ബസിലായിരുന്നു കത്തിക്കുത്ത്. വിദ്യാര്‍ഥികള്‍ സ്കൂള്‍ വിട്ട് മടങ്ങവെ മലമുകള്‍ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തിന് കുത്തിപ്പിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി കത്തികൊണ്ട് കുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം . മൂന്ന് തവണയാണ് വിദ്യാര്‍ഥിക്ക് കുത്തേറ്റത്. മറ്റ് വിദ്യാര്‍ഥികള്‍ നിലവിളിച്ചതോടെ ബസ് നിര്‍ത്തി. നാട്ടുകാര്‍ ഓടിക്കൂടി. ഉടനെ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇതിനിടെ കുത്തിയ വിദ്യാര്‍ഥി കത്തി പുറത്തേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരാണ് കത്തി കണ്ടെത്തി പൊലീസിനെ ഏല്‍പ്പിച്ചത്.
കുത്തേറ്റ വിദ്യാര്‍ഥിയുതെ ആരോഗ്യനില തൃപ്തികരമാണ്. ലാബ് എക്സപെരിമെന്‍റിനാണ് കത്തി കൊണ്ടുവന്നതെന്നാണ് പൊലീസിനോട് കുത്തിയ വിദ്യാര്‍ഥി പറഞ്ഞത്. വിദ്യാര്‍ഥികള്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. സ്കൂള്‍ ബസില്‍ ഇന്ന് വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥി അക്രമിച്ചത്.