ബാലരാമപുരത്ത് ദേവേന്ദുവിനെ അമ്മാവന്‍ കിണറ്റിലെറിഞ്ഞ് കൊല്ലാന്‍ സഹോദരിയോടുള്ള വൈരാഗ്യത്തിനപ്പുറം, സാമ്പത്തിക ഇടപാടുകളും അന്ധവിശ്വാസങ്ങളും കാരണമായിട്ടുണ്ടോയെന്ന് അറിയാന്‍ അന്വേഷണം വ്യാപിപ്പിച്ചു. മറ്റൊരു പൊതുപ്രവര്‍ത്തകന്‍ വഴി ജ്യോല്‍സന്‍ ദേവീദാസന് പണം നല്‍കിയെന്ന് ശ്രീതു ആവര്‍ത്തിച്ചതോടെ ജ്യോല്‍സനെ വീണ്ടും ചോദ്യം ചെയ്യുന്നു. ആരോപണം നിഷേധിച്ച ദേവീദാസന്‍ ഹരികുമാറിന്‍റെ മാനസിക വൈകല്യം മൂലമാണ് ജോലിയില്‍ നിന്ന് മാറ്റിയതെന്ന് മനോരമ ന്യൂസിനോട് പറഞ്ഞു.
രണ്ട് വയസുകാരിയെ കൊന്ന് മൂന്ന് ദിവസമാകുമ്പോള്‍ പൊലീസ് ഉറപ്പിച്ചത് രണ്ട് കാര്യം മാത്രം. കൊന്നത് അമ്മാവന്‍ ഹരികുമാര്‍–കാരണം ഹരികുമാറിന് സഹോദരി ശ്രീതുവിനോടുള്ള അനാരോഗ്യകരമായ താല്‍പര്യത്തിന് കുട്ടി തടസമെന്ന ചിന്ത. ഇതിനപ്പുറത്തേക്കുള്ള മൊഴിയൊന്നും നല്‍കാതെ മാനസികവിഭ്രാന്തി കണക്കെ പെരുമാറുന്ന ഹരിയെ ഇന്നലെ റിമാന്‍ഡ് ചെയ്തു. ഇനി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. അതുവരെ സഹോദരി–സഹോദര വൈരാഗ്യത്തിനപ്പുറം മറ്റ് കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. പെട്ടന്നൊരു ദിവസം ജ്യോല്‍സനും പൂജാരിയുമൊക്കെയായി മാറിയ ശംഖുമുഖം ദേവീദാസനെന്ന കരിക്കകം സ്വദേശി പ്രദീപുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് സംശയമുനയില്‍ ഒന്നാമത്. ഇന്നലെ രാത്രി ചോദ്യം ചെയ്തപ്പോഴും ദേവീദാസന് 36 ലക്ഷം രൂപ നല്‍കിയെന്ന ആരോപണം ശ്രീതു ആവര്‍ത്തിച്ചു. വീട് വാങ്ങിത്തരാമെന്ന ഉറപ്പില്‍ മറ്റൊരു പൊതുപ്രവര്‍ത്തകന്‍ വഴിയാണ് പണം കൈമാറിയതെന്നും പറഞ്ഞു. എന്നാല്‍ മനോരമ ന്യൂസിനോട് കാര്യങ്ങള്‍ വിശദീകരിച്ച ദേവീദാസന്‍ ആരോപണം നിഷേധിച്ചു. പക്ഷെ ഹരി സഹായിയായി ജോലി ചെയ്തിട്ടുണ്ടെന്നും ഹരിയുടെ ശമ്പളം വാങ്ങാന്‍ ശ്രീതുവും അമ്മയും തന്‍റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും സമ്മതിച്ചു.
പൂജപ്പുര മഹിളാമന്ദിരത്തില്‍ തുടരുന്ന ശ്രീതുവിനെ പൊലീസ് ഇപ്പോഴും സംശയമുനയിലാണ് നിര്‍ത്തുന്നത്. അവരുടെ കുടുംബത്തിലെ പ്രശ്നങ്ങള്‍ മനസിലാക്കാനായി ബന്ധുക്കളുടെയും അയല്‍ക്കാരുടെയും മൊഴിയെടുക്കും. ഹരിക്ക് മാനസിക പ്രശ്നമുണ്ടോയെന്ന് അറിയാന്‍ ഡോക്ടര്‍മാരുടെ സഹായവും തേടും.