ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വയോധിക ദമ്പതികൾ മരിച്ചതില്‍ മകൻ കസ്റ്റഡിയിൽ. ചെന്നിത്തല സ്വദേശികളായ രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പുലർച്ചെ മൂന്നര മണിയോടെയാണ് രാഘവന്റെയും ഭാര്യ ഭാരതിയുടേയും ഷീറ്റ് മേഞ്ഞ വീട് കത്തിച്ചാമ്പലായത്. അയൽപക്കത്ത് താമസിക്കുന്ന ബന്ധുകൂടിയായ സോമനാണ് അപകടം ആദ്യം കണ്ടത്. വെള്ളമൊഴിച്ചു തീ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസും ഫയർഫോഴ്സുമെത്തി തീ അണച്ചപ്പോഴേക്കും പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം.
അപകട സമയത്തോ പിന്നീടോ മകൻ വിജയനെ കാണാതിരുന്നതാണ് ദുരൂഹത ഉയർത്തിയത്. വസ്തുവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി വിജയൻ നിരന്തരം കലഹിക്കുമായിരുന്നെന്നും ഉപദ്രവിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. അതേസമയം വിജയനെ പിടികൂടി ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.