sreethu

ബാലരാമപുരത്ത് ദേവേന്ദു എന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ ദുരൂഹതകള്‍ തുടരുമ്പോള്‍ അമ്മ ശ്രീതുവും സംശയത്തിന്‍റെ നിഴലിലാണ്. നാട്ടുകാരുടെ മനസില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് ശ്രീതു ഇതുവരെ നാട്ടുകാരോട് പറഞ്ഞിരുന്ന കഥകള്‍ പലതും.

ബാലരാമപുരത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള കോട്ടുകാലിലായിരുന്നു ശ്രീതുവിന്‍റെയും വീട്ടുകാരുടെയും ആദ്യ താമസം. ബാലരാമപുരത്തെ പാരലല്‍ കോളജുകളിലെ പ്യൂണായിരുന്നു അച്ഛന്‍. ശ്രീതു പഠിച്ചത് +2 വരെ മാത്രം. അതുകഴിഞ്ഞതോടെ ചെറിയ ജോലികള്‍ക്ക് പോയിത്തുടങ്ങി.

മൂന്ന് വര്‍ഷം മുന്‍പാണ് കുഞ്ഞിന്‍റെ കൊലപാതകം നടന്ന വീട്ടിലേക്ക് താമസം മാറുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബമായിരുന്നെങ്കിലും ശ്രീതു ആ രീതിയിലായിരുന്നില്ല നാട്ടുകാരോട് പറഞ്ഞിരുന്നത്. ഡബിള്‍ എം.എ ബിരുദമുള്ളയാളാണ് താനെന്നാണ് പലരോടും പറഞ്ഞത്. ഒരു ലക്ഷം രൂപ മാസശമ്പളമുള്ള ജോലിയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. പത്മനാഭപുരം കൊട്ടാരത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയെന്നായിരുന്നു അവകാശവാദം. യഥാര്‍ത്ഥത്തില്‍ ദേവസ്വം ബോര്‍ഡിന് നിയന്ത്രണത്തിലുള്ള കൊട്ടാരത്തിലെ താല്‍കാലിക ജീവനക്കാരി മാത്രമാണ് ശ്രീതു.

ഉയര്‍ന്ന ഉദ്യോഗസ്ഥയെന്ന് അഭിനയിച്ചിരുന്ന ശ്രീതു നാട്ടിലെ പലരെയും ജോലിക്ക് കയറ്റാമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. അത് വിശ്വസിച്ച് സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്നവര്‍ ഇപ്പോഴത്തെ കേസും കാര്യങ്ങളും അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്.

രണ്ട് വര്‍ഷം മുന്‍പ് ശ്രീതു സ്വന്തമായി ഒരു കാര്‍ വാങ്ങി. പിന്നീട് ജോലിക്ക് ഉള്‍പ്പടെ എല്ലായിടത്തേക്കുമുള്ള പോക്കും വരവും കാറിലായി. ഡ്രൈവറായി ഒരാളും കൂടെയുണ്ടായിരുന്നു. ജോലി കഴിഞ്ഞ് പലപ്പോഴും മടങ്ങിവരുന്നത് രാത്രിക്കായിരുന്നു. വീട്ടിലേക്ക് കാര്‍ കയറാന്‍ വഴിയില്ലാത്തതിനാല്‍ റോഡില്‍ നിര്‍ത്തി നടന്ന് വീട്ടിലേക്ക് വരും. സുഹൃത്തിന്‍റെ വീട്ടിലായിരുന്നു കാര്‍ ഇട്ടിരുന്നത്. രാത്രി വരുന്നത് കണ്ട് ചോദിച്ചവരോട് പറഞ്ഞിരുന്നത് ചിലപ്പോള്‍ നൈറ്റ് ഡ്യൂട്ടിയുണ്ടെന്നായിരുന്നു.

കാറിലുള്ള യാത്ര തുടരുന്നതിനിടെ ഒരു വര്‍ഷം മുന്‍പ് കാര്‍ കാണാതായി. ഇ.എം.ഐ അടയ്ക്കുന്നത് മുടങ്ങിയതോടെ പലിശക്കാര്‍ എടുത്തുകൊണ്ടുപോയെന്നാണ് നാട്ടുകാരുടെ സംസാരം. എന്നാല്‍ വിറ്റെന്നാണ് ശ്രീതു പറഞ്ഞിരുന്നത്.

 ഉയര്‍ന്ന ജോലിയുടെ കാര്യം പറഞ്ഞ് ശ്രീതു പലരില്‍ നിന്നും പണം കടംവാങ്ങിയിരുന്നതായും ആക്ഷേപമുണ്ട്. കാശിന് പെട്ടന്ന് അത്യാവശ്യം വന്നു, ഉടന്‍ തിരിച്ചുതരാമെന്ന് പറഞ്ഞായിരുന്നു പലരില്‍ നിന്നും വാങ്ങിയിരുന്നത്. ഇപ്പോഴും പണം കിട്ടാത്ത പലരും കഴിഞ്ഞ ദിവസങ്ങളില്‍ കൊലപാതകം നനടന്ന വീട്ടിലടക്കം അന്വേഷിച്ചെത്തിയിരുന്നു.

ENGLISH SUMMARY:

In the case of the murder of the child named Devendu, who was thrown into a well in Balaramapuram, while the mystery continues, the mother, Sreethu, is also under suspicion