തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടുകാരുടെ അപവാദ പ്രചാരണത്തിൽ മനംനൊന്തെന്ന് കുടുംബം. മുക്കുന്നുർ സ്വദേശി പ്രവീണയെ ഇന്ന് രാവിലെ വീടിന്‍റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ പ്രവീണ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടതിലും ദുരൂഹത ഉയർന്നിട്ടുണ്ട്. അതേസമയം, പ്രവീണ നേരത്തെ നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് വിമർശനമുണ്ട്.
രാവിലെ 8 മണിയോടെയാണ് 34 കാരിയായ പ്രവീണയെ സ്വന്തം വീടിൻറെ രണ്ടാം നിലയിലെ ടെറസ്സിൽ കെട്ടി തുങ്ങിയനിലയിൽ കണ്ടത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിന്റെ സഹോദരിയും മക്കളും സുഹൃത്തുക്കളും ചേർന്ന് അപവാദ പ്രചാരണം നടത്തിയതിൽ മനംനൊന്താണ് മകൾ ജീവനൊടുക്കിയതെന്ന് പ്രവീണയുടെ പിതാവ് വിക്രമൻ പറഞ്ഞു.
ഇന്നലെ മകളെ സ്കൂളിൽ കൊണ്ടുവിട്ട് സ്കൂട്ടറിൽ മടങ്ങിവരുമ്പോൾ പ്രവീണ അപകടത്തിൽപ്പെട്ടിരുന്നു. ഇതിലും കുടുംബം ദുരൂഹത കാണുന്നു. ഫോണിലൂടെ ശല്യപ്പെടുത്തിയ ഭർത്താവിൻറെ ബന്ധുവിനും നാട്ടുകാരുന്നുമെതിരെ കഴിഞ്ഞമാസം 30 ന് പ്രവീണ പെഞ്ഞാറമൂട് പൊലീസിൻ പരാതിയും നൽകിയിരുന്നു. ഇതിൽ പൊലീസ് നടപടി എടുത്തില്ലെന്ന് വിമർശനവും ഉയരുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)