TOPICS COVERED

സ്വകാര്യ ബസിന്‍റെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ മദ്യവും പണവും കൈക്കൂലിയായി വാങ്ങിയ എറണാകുളം ആര്‍ടിഒ വിജിലന്‍സിന്‍റെ പിടിയില്‍. ടി.എം.ജെര്‍സനെയാണ് വിജിലന്‍സ് എസ്.പി. എസ്.ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആര്‍ടിഒയുടെ വീട്ടില്‍ നിന്ന് നൂറ് ലീറ്ററിലേറെ വരുന്ന മുന്തിയ വിദേശമദ്യകുപ്പികളാണ് പിടികൂടിയത്.

ബവ്റിജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റുകളില്‍ പോലും കിട്ടാത്ത മുന്തിയ ഇനം മദ്യമാണ് എറണാകുളം ആര്‍ടിഒ ടി.എം. ജെര്‍സന്‍റെ എളമക്കര വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കുപ്പിയൊന്നിന് കാല്‍ലക്ഷം വിലവരുന്ന ബ്രാന്‍ഡുകള്‍ വരെ കൂട്ടത്തിലുണ്ട്. എല്ലാം കൈക്കൂലിയായി വാങ്ങികൂട്ടിയതെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഫോര്‍ട്ട്കൊച്ചി ചെല്ലാനം റൂട്ടിലോടുന്ന സ്വകാര്യ ബസിന്‍റെ താത്കാലിക പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ കൈക്കൂലി വാങ്ങിയ ജെര്‍സനെ ഉച്ചയോടെയാണ് വിജിലന്‍സ് പൊക്കിയത്. 

തുടര്‍ന്നായിരുന്നു കാക്കനാട് സിവില്‍ സ്റ്റേഷനിലെ ഓഫിസിലും വീ്ട്ടിലും പരിശോധന. കൈക്കൂലിയിടപാടില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഏജന്‍റുമാരായ രാമു, സജി എന്നിവരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. ജെര്‍സന്‍റെ വീട്ടില്‍ നിന്ന്  റബര്‍ബാന്‍ഡിട്ട് കെട്ടിയ നിലയില്‍ നോട്ടുകളും കണ്ടെത്തി. ഇങ്ങനെ കണ്ടെത്തിയത് അറുപതിനായിരത്തിലേറെ രൂപയാണ്. വിവിധ ബാങ്കുകളിലായി ജെര്‍സന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ളത് അരക്കോടിയിലേറെ രൂപയുടെ നിക്ഷേപമെന്നും കണ്ടെത്തി. പിടിയിലായ ഏജന്‍റുമാരുടെ വീടുകളിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. ആര്‍ടിഒയ്ക്കായി കൈക്കൂലിപ്പണം പിരിച്ചിരുന്നത് ഈ ഏജന്‍റുമാരുടെ നേതൃത്വത്തിലാണ്.

ENGLISH SUMMARY:

Vigilance arrests Ernakulam RTO T.M. Jerson for accepting liquor and cash as a bribe to renew a private bus permit. Over 100 liters of premium foreign liquor seized from his residence.