bike-theft-ktm

കോട്ടയത്ത് ഹാന്‍ഡില്‍ ലോക്ക് ചവിട്ടി പൊട്ടിച്ച് മൂന്നരലക്ഷത്തിലധികം വിലയുള്ള കെ.ടി.എം ബൈക്കുമായി കടന്ന് കള്ളന്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 12മണിക്കാണ് കള്ളന്‍ കോട്ടയം ചൂട്ടുവേലില്‍ നിന്ന് ബൈക്കുമായി കടന്നുകളഞ്ഞത്.

കണ്ണൂര്‍ സ്വദേശിയായ അനുസ്യൂത് സത്യന്‍റെ KL13 AD 1960 നമ്പര്‍ കെ.ടി.എം ആര്‍.സി 390 ബൈക്കാണ് മോഷണം പോയത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ യുവാവിന്‍റെ മോഷണ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. മോഷണത്തിനു മുന്‍പ് കള്ളന്‍ പരിസരം നിരീക്ഷിക്കുന്നതും ബൈക്കുമായി കടന്നുകളയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഹെല്‍‌മെറ്റ് വെച്ച് ബൈക്കിനടുത്ത് എത്തിയ കള്ളന്‍ ചുറ്റുപാടും നിരീക്ഷിക്കുന്നു. ബൈക്കിന്‍റെ ഹാന്‍ഡില്‍ ലോക്ക് ചെയ്തിരിക്കുകയാണ് എന്ന് മനസിലാക്കിയ യുവാവ് ബൈക്കിലേക്ക് കയറിയിരുന്നു. ശേഷം സമീപത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം ബൈക്കില്‍ കയറിയിരുന്ന് ഹാന്‍ഡിലില്‍ ആഞ്ഞ് ചവിട്ടി. ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും മൂന്നാമത്തെ ചവിട്ടില്‍ ഹാന്‍ഡില്‍ ലോക്ക് പൊട്ടി. ശേഷം ബൈക്കില്‍ കയറിയിരുന്ന് ഉരുട്ടിക്കൊണ്ട് പോകുകയായിരുന്നു. വാഹന ഉടമയുടെ പരാതിയില്‍ കേസെടുത്ത ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുന്‍പ് ഉത്തരേന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഷ്ടിക്കുന്ന കള്ളനെ പൊലീസ് പിടികൂടുകയും മോഷണ രീതി വിവരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്ന് എന്‍ഫീല്‍ഡ് ബൈക്കിന്‍റെ ഹാന്‍‌ഡില്‍ ചവിട്ടി തകര്‍ത്ത രീതി സൈബറിടത്തില്‍ ചര്‍ച്ചയായിരുന്നു. അതിന് സമാനമായ രീതിയിലാണ് ഈ പെര്‍ഫോമന്‍സ് ബൈക്കും മോഷ്ടിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Thief broke the handle lock by kicking it and escaped with a KTM bike worth over ₹3.5 lakh.