ആലപ്പുഴ പുന്നപ്രയിൽ യുവാവ് തൂങ്ങി മരിച്ചതിൽ ഭാര്യയെയും ഭാര്യയുടെ സുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയുടേതാണ് നിർദേശം. യുവാവിന്റെ പിതാവ് നല്കിയ ഹർജിയിലാണ് ഉത്തരവ്.
കഴിഞ്ഞ ഒക്ടോബർ 13നാണ് പുന്നപ്ര ഷജീന മൻസിലിൽ റംഷാദിനെവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ സമീനയുടെ സുഹൃത്ത് ബന്ധം ചോദ്യം ചെയ്തതിന് റംഷാദിന് മാനസിക പീഡനം ഏൽക്കേണ്ടി വന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റംഷാദിന്റെ പിതാവ് മുഹമ്മദ് രാജയുടെ ഹർജിയിലെ ആരോപണം.
2020 ലാണ് മണ്ണഞ്ചേരി പൊന്നാട് സ്വദേശി സമീനയുടെയും റംഷാദിന്റെയും വിവാഹം നടന്നത്. സമീനയുടെ ആൺ സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മിൽ ഒരുവർഷമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. റംഷാദിന്റെ പിതാവിന്റെ ഹർജിയിൽ സമീന , സമീനയുടെ മാതാവ് നദീന, സമീനയുടെ സുഹൃത്തായ മനോജ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ് .കോടത് ഉത്തരവ് അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പുന്നപ്ര പോലിസ് അറിയിച്ചു.