വെഞ്ഞാറമൂട്ടില്‍ കൊലപ്പെട്ട സല്‍മാ ബീവി, ലത്തീഫ്, ഷാഹിദ, ഫര്‍സാന, അഫ്സാൻ
വെഞ്ഞാറമൂട്ടില്‍ അഞ്ചുപേരെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപാതകം നടന്ന വീടുകള്‍ മൂന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍. മുത്തശ്ശിയെ കൊന്നശേഷം 16 കിലോമീറ്റര്‍ സഞ്ചരിച്ചാണ് വല്യച്ഛന്‍റെ വീട്ടിലെത്തി രണ്ടു പേരെ കൊന്നത്. അവിടെനിന്ന് എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാണ് സ്വന്തം വീട്ടിലെത്തിയത്. ഇവിടെയെത്തിയാണ് സഹോദരനെയും കാമുകിയെയും കൊന്നത്. കാമുകി ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൊല്ലാന്‍ വേണ്ടിയാണ്. വീട്ടില്‍വച്ച് പ്രതി അഫാന്റെ അമ്മ ഷെമിയെയും പ്രതി തലയ്ക്കടിച്ചു. അര്‍ബുദ ബാധിതയായ ഷെമിയുടെനില അതീവഗുരുതരമാണ്.
കൊലപാതകങ്ങള്‍ ആസൂത്രിതമെന്ന് പൊലീസ് പറഞ്ഞു. എല്ലാവരെയും പ്രതി അഫാന്‍ ആക്രമിച്ചത് ചുറ്റികൊണ്ട് തലയ്ക്കടിച്ച്. സഹോദരനും 9–ാം ക്ലാസ് വിദ്യാർഥിയുമായ അഫ്സാൻ, അച്ഛന്‍റെ ചേട്ടന്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ, മുത്തശ്ശി സല്‍മാ ബീവിയെ (88), കാമുകി ഫര്‍സാന എന്നവരാണ് കൊല്ലപ്പെട്ടത്.
ആദ്യം പാങ്ങോട്ടുള്ള വീട്ടിലെത്തി മുത്തശ്ശി സല്‍മാ ബീവിയെ (88) കൊന്നു. പിന്നീട് പിതൃസഹോദരന്‍റെ വീട്ടിലെത്തി, ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു. അതിനുശേഷം സ്വന്തം വീട്ടിലെത്തി സഹോദരനെയും കാമുകിയെയും കൊന്നു. പെൺസുഹൃത്ത് അനാഥമായി പോകുമോ എന്ന ഭയത്തിലാണ് അവരെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നാണു പൊലീസ് പറയുന്നത്.കൊലപാതകങ്ങൾക്കു ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീടും ഗെയ്റ്റും പൂട്ടി പ്രതി പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.
കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രതി എലി വിഷം കഴിച്ച ശേഷമാണു പൊലീസ് സ്റ്റേഷനിലെത്തിയത്. ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.