കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ സഹതടവുകാരിയായ വിദേശ വനിതയെ ആക്രമിച്ച് ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍. കുടിവെള്ളമെടുക്കാന്‍ പോയ സ്ത്രീയെ ഷെറിനും സഹതടവുകാരി ഷബ്നയും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് കേസ്. ഷെറിന്‍റെ മോചനത്തിന് തിടുക്കപ്പെട്ട് മന്ത്രിസഭ അംഗീകാരം നല്‍കിയത് വിവാദമായിരിക്കെയാണ് ഷെറിനെതിരായ പുതിയ കേസ് കൂടി ശ്രദ്ധേയമാകുന്നത്.
‘ഷെറിന് മാനസാന്തരം വന്നു. കുറ്റവാസന ഇല്ല, നല്ലനടപ്പ് പരിഗണിച്ചാണ് ജയില്‍ മോചനം ശുപാര്‍ശ ചെയ്തത്’. വനിതാ ജയില്‍ ഉപദേശക സമിതിയംഗം എം.വി.സരള ഇതുപറഞ്ഞ് ഒരു മാസം തികഞ്ഞില്ല. ഷെറിന്‍ തന്‍റെ സ്വരൂപം വീണ്ടും പുറത്തുകാട്ടി. നൈജീരിയന്‍ പൗരയെയാണ് വനിതാ ജയിലില്‍ വെച്ച് ഇക്കഴിഞ്ഞ 24ന് രാവിലെ ഷെറിനും സഹതടവുകാരി ഷബ്നയും ആക്രമിച്ചത്. കുടിവെള്ളമെടുക്കാന്‍ പോവുകയായിരുന്ന വിദേശവനിതയെ പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.
ഷബ്ന ഇവരെ അസഭ്യം പറയുകയും പുറത്തും നെഞ്ചിലുമായി തള്ളുകയും നിസാര പരുക്കുപറ്റിയെന്നും പൊലീസ് എഫ്ഐആര്‍. ഇന്നലെ വിദേശയുവതിയുടെ മൊഴിയെടുത്താണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍നടപടികള്‍ ഉടനുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തിടുക്കപ്പെട്ട് ഷെറിന്‍റെ മോചനം അംഗീകരിച്ചത്. പതിനാല് വര്‍ഷത്തെ തടവ് അനുഭവിച്ചുകഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ തന്നെയുള്ള ഇളവുനീക്കം. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ച മോചനശുപാര്‍ശയില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.