ലഹരി മരുന്ന് കേസുകളിൽ അപൂർവ കോടതിവിധി. പാലക്കാട് സെഷന്‍സ് കോടതിയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരുദിവസം നാല് ലഹരിക്കേസുകളിലാണ് വിധി പറഞ്ഞത്. എക്സൈസ് പിടികൂടിയ അഞ്ച് പ്രതികള്‍ക്കാണ് കഠിനതടവ് ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിച്ചത്.
2017 ജൂലൈയില്‍ പാലക്കാട് കൂട്ടുപാതയിൽ രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ തമിഴ്നാട് സ്വദേശി കറുപ്പ് സ്വാമി എന്ന വിഘ്നേഷിന് ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2016 ഓഗസ്റ്റിൽ കൊല്ലങ്കോട് നെന്മേനിയില്‍ നാല് കിലോ 200 ഗ്രാം കഞ്ചാവുമായി പിടിയിലായ എറണാകുളം സ്വദേശികളായ സെബാസ്റ്റ്യൻ, പ്രിയോജ്, വിപിൻ എന്നിവർക്ക് എട്ടുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. 2015 ൽ കൊഴിഞ്ഞാമ്പാറ ബസ്റ്റാൻഡിൽ വച്ച് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ മലപ്പുറം സ്വദേശി ഷംസുദ്ദീന് ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. 2015 ഫെബ്രുവരിയിൽ കൊഴിഞ്ഞാമ്പാറ റോഡിൽ വാഹന പരിശോധനയ്ക്കിടെ ആറര കിലോ കഞ്ചാവ് പിടികൂടിയതില്‍ മലപ്പുറം സ്വദേശികളായ സമീർ, രതീഷ് എന്നിവർക്ക് ആറുവർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു.
നാലു കേസുകളും എക്സൈസിന്‍റെ നേതൃത്വത്തില്‍ പിടികൂടി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയാക്കിയതാണ്. നാല് കേസുകളിലായി ഏഴ് പ്രതികളുള്ളതില്‍ ഒരാള്‍ വിചാരണയ്ക്കിടെ ഒളിവില്‍ പോയതും മറ്റൊരാള്‍ മരിക്കുകയും ചെയ്തു. കോടതിവിധികളുടെ വ്യാപ്തി ഇതിലേറെ സംഭവിച്ചിട്ടുണ്ടെങ്കിലും ഒരേദിവസം എക്സൈസിന്‍റെ നാല് കേസുകളില്‍ ഒരു കോടതിയിലെ ശിക്ഷ അപൂര്‍വമെന്നാണ് നിയമവിദഗ്ധരും പറയുന്നത്.