thamarassery-probe

കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികളുടെ ക്രൂരമര്‍ദനമേറ്റ് പത്താം ക്ലാസുകാരൻ മരിച്ചതില്‍ നടുങ്ങി കേരളം. കൂട്ടുകാര്‍ കൂട്ടം ചേര്‍ന്ന് തല്ലിയപ്പോള്‍, തലയ്ക്കേറ്റ ക്ഷതമാണ് ദാരുണമരണത്തിന് കാരണം. മെിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ചുങ്കം പലോറക്കുന്ന് സ്വദേശി മുഹമ്മദ് ഷഹബാസ് പുലർച്ചെയണ്  മരിച്ചത്.  

തലയ്ക്ക് പിന്നിലേറ്റ അതി ശക്തമായ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കട്ടിയേറിയ ആയുധം ഉപയോഗിച്ചായിരുന്നു മര്‍ദനം. വലതുചെവിയുടെ മുകളില്‍ തലയോട്ടി പൊട്ടിയെന്നാണ് പോസ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരിക രക്തസ്രാവമുണ്ടായി തലച്ചോറിലടക്കം വ്യാപിച്ചിരുന്നു. ഇന്നലെ പുലർച്ചെ മുതൽ വെന്‍റിലേറ്ററിലായിരുന്ന ഷഹബാസ് മരുന്നുകളോട് പ്രതികരിക്കുന്ന അവസ്ഥയിലായിരുന്നില്ല. അർധരാത്രിയോടെ സ്ഥിതി വഷളായി. ഒരു മണിയോടെ മരണം സ്ഥിരീകരിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കുട്ടി അബോധാവസ്ഥയിലായിരുന്നെന്ന് അയൽവാസി മുഹമ്മദ് സാലി പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് എംജെ ഹയർ സെക്കൻ്ററി സ്കൂളിലേയും താമരശേരി ഹയർ സെക്കൻററി സ്കൂളിലേയും ഒരു കൂട്ടം വിദ്യാർഥികൾ തമ്മിലടിച്ചത്. സംഘർഷം കഴിഞ്ഞ് ഏഴു മണിയോടെ വീട്ടിലെത്തിയ ഷഹബാസ് മുറിയിൽ കയറി കിടന്നു. രാത്രിയോടെ ഛർദിക്കുന്നത് കണ്ട് മാതാപിതാക്കൾ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായി. തുടർന്നാണ് പുലർച്ചയോടെ മെഡിക്കൽ കോളജിലെത്തിച്ചത്. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. 

കഴിഞ്ഞ ഞായറാഴ്ച  ട്യൂഷൻ സെൻ്റർ കേന്ദ്രീകരിച്ച് നടന്ന യാത്രയയപ്പ്  പാർട്ടിക്കിടയിലുണ്ടായ തർക്കമാണ്   സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിന് മുൻപും ശേഷവും വിദ്യാർത്ഥികൾ കൊലവിളി സന്ദേശങ്ങൾ കൈമാറുന്നതും പ്രതികളിൽ ഒരാൾ കുറ്റം സമ്മതിക്കുന്നതുമായ ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നു. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് ട്യൂഷൻ സെന്റർ അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

Kerala is in shock after the tragic death of a 10th-grade student in Kozhikode’s Thamarassery. Muhammad Shahbaz succumbed to severe head injuries after being brutally assaulted by a group of students. The post-mortem report confirms a skull fracture and internal bleeding as the cause of death. The attack stemmed from a dispute at a farewell party organized by a tuition center. Audio evidence of threats and confessions has surfaced, leading to demands for strict action against the accused.