TOPICS COVERED

പട്ടാമ്പിയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. പട്ടാമ്പി പൊലീസിന്‍റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ നൂറ്റി അറുപത് ഗ്രാം എം.ഡി.എം.എയുമായി മൊത്തകച്ചവടക്കാർ ഉൾപ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് ലഹരി വില്‍പ്പനക്കാര്‍ കുടുങ്ങിയത്. 

പട്ടാമ്പി മുതുതല ഗണപതി ക്ഷേത്രത്തിന് സമീപത്തായി 11.54 ഗ്രാം എം.ഡി.എം.എയുമായി മണ്ണെങ്ങോട് സ്വദേശി അക്‌ബറിനെ പിടികൂടുകയും ഇയാൾക്ക് ലഹരിമരുന്ന് ആവശ്യമുണ്ടെന്ന് പറഞ്ഞ് മൊത്തക്കച്ചവടക്കാരെ പട്ടാമ്പിയിലേക്ക് എത്തിക്കുകയുമായിരുന്നു. മലപ്പുറം അനന്താവൂർ സ്വദേശി ഹാരിസ്, വളാഞ്ചേരി സ്വദേശി അൻഷിഫ് എന്നിവരിൽ നിന്നായി 148.15 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഇവരാണ് പട്ടാമ്പി മേഖലയിലെ ഏജന്‍റുമാര്‍ക്ക് എംഡിഎംഎ എത്തിച്ചുനൽകുന്നത്. പട്ടാമ്പി മല്‍സ്യച്ചന്തയോട് ചേര്‍ന്ന് ലഹരി ഇടപാട് നടക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ പ്രദേശത്തെക്കാണ് മൊത്തക്കച്ചവടക്കാരെ പൊലീസ് തന്ത്രപൂർവം എത്തിച്ചത്.

പ്രതികളിൽ നിന്ന് രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ലഹരി കടത്തിന് 26 കേസുകളും, ലഹരി ഉപയോഗത്തിന് 255 കേസുകളും പട്ടാമ്പി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Pattambi Police seized a large quantity of MDMA in a special operation under ‘Operation D-Hunt.’ Three individuals, including wholesale drug dealers, were arrested with 160 grams of MDMA. The bust occurred near Muthuthala Ganapathi Temple and Pattambi Fish Market, where drug dealings were reportedly taking place. Two cars were also seized in connection with the case.